'കൃമി കീടങ്ങളെ ഞാന്‍ വക വെക്കുന്നില്ല, ഗോകുല്‍ അങ്ങനെ പറഞ്ഞെങ്കിൽ അതൊരു മകന്റെ വിഷമം'
Malayalam Cinema
'കൃമി കീടങ്ങളെ ഞാന്‍ വക വെക്കുന്നില്ല, ഗോകുല്‍ അങ്ങനെ പറഞ്ഞെങ്കിൽ അതൊരു മകന്റെ വിഷമം'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th October 2023, 2:45 pm

മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ച ഒന്നായിരുന്നു സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം. പല തരത്തിലുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കുമ്പോഴും സിനിമയില്‍ വീണ്ടും സജീവമായി കൊണ്ടിരിക്കുകയുമാണ് സുരേഷ് ഗോപി. അച്ഛന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള മകന്‍ ഗോകുല്‍ സുരേഷിന്റെ നിലപാടുകള്‍ എന്നും ആളുകള്‍ ഉറ്റ് നോക്കുന്ന ഒന്നാണ്.

നാട്ടുകാര്‍ അച്ഛനെ മനസിലാകാതെ തെറി വിളിക്കുകയാണെന്നും മലയാളികള്‍ അച്ഛനെ അര്‍ഹിക്കുന്നില്ലായെന്നും ഈയിടെ ഗോകുല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മകന്റെ ഈ നിലപാടിനെ കുറിച്ച് മറുപടി പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍.


ഗോകുല്‍ അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് ഒരു മകന്റെ വിഷമമാകമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഗരുഡന്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സ്വന്തം അഭിപ്രായം പറയാനുള്ള അവകാശം ഗോകുലിനുണ്ട്. അവന്റെ അമ്മയ്ക്കും ഈ കാര്യത്തില്‍ സമാനമായ അഭിപ്രായമാണ്. പക്ഷെ ഒരിക്കല്‍ പോലും അവന്‍ എന്നോട് ഈ അഭിപ്രായം തുറന്ന് പറഞ്ഞിട്ടില്ല.

‘ഏട്ടന്‍ കഷ്ടപ്പെട്ട് അധ്വാനിച്ച് നേടുന്നത് ഏട്ടന്റെ മാത്രം പണമാണ്. അത് എന്ത് ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കേണ്ടത്. ഏട്ടന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മാത്രമേ എനിക്കെന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുകയുള്ളു. മറ്റുള്ളതിലൊന്നും അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല’ എന്നാണ് അവള്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഗോകുലിനോടാണെങ്കിലും അവള്‍ അങ്ങനെയാണ് പറയാറ്. അതൊരു അഭിപ്രായമായായി എന്റെ അടുത്ത് ഇതുവരെ എത്തിയിട്ടില്ല.

ഗോകുല്‍ അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് ഒരു പക്ഷെ ഒരു മകന്റെ വിഷമം ആയിരിക്കാം. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോള്‍ വരുന്ന പ്രയാസമാണത്. അത് ഞാന്‍ എന്റെ മക്കളോടെല്ലാം പറഞ്ഞിട്ടുണ്ട് ‘ രാഷ്ട്രീയക്കാരനായ അച്ഛന്റെ അടുത്ത് നിന്ന് എപ്പോഴുമുള്ള ദൂരം അത് പോലെ തന്നെ സൂക്ഷിക്കണമെന്ന്. അപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല.

രാഷ്ട്രീയക്കാരെ കുറിച്ച് മാത്രമല്ലല്ലോ നിങ്ങള്‍ സിനിമക്കാരെ കുറിച്ചും ഇങ്ങനെ പറയുന്നില്ലേ. മറ്റുള്ളവര്‍ നമ്മളെ കുറിച്ച് എന്ത് പറയുന്നു എന്ത് മനസിലാക്കുന്നു എന്നത് അപ്രസക്തമാണ്. നമ്മള്‍ എന്തായിരിക്കണമെന്ന് നമ്മള്‍ നിശ്ചയിച്ചാല്‍ അതില്‍ സത്യം കൂടുതലാണെങ്കില്‍, വേണ്ടാത്തതൊന്നും ലവലേശം ഇല്ലെങ്കില്‍ നമ്മള്‍ ആ പാതയില്‍ തന്നെ സഞ്ചരിച്ചു കൊണ്ടിരിക്കുക.

ഞാന്‍ അതാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. മറ്റു കൃമി കീടങ്ങളൊന്നും ഞാന്‍ വക വെച്ചു കൊടുക്കില്ല. എനിക്കതിന്റെ ആവശ്യമില്ല,’സുരേഷ് ഗോപി പറയുന്നു.

 

Content Highlight: Suresh Gopi Talk About Son Gokul’s comment on his political entry