| Wednesday, 25th October 2023, 3:48 pm

കാക്കി ജീവനാണ്, പൊലീസ് സേനയിൽ ഒരു ആസിഡ് വാഷ് അത്യാവശ്യം: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പൊലീസ് വേഷങ്ങൾ അലങ്കരിച്ചിട്ടുള്ള നടനാണ് സുരേഷ് ഗോപി. ചെയ്ത കഥാപാത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. താരത്തിന് കാക്കി യൂണിഫോമിനോടുള്ള ഇഷ്ടം മുൻപ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ കേരളത്തിൽ നിലവിലുള്ള പൊലീസ് സേനയെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി.

‘നിലവിലെ പൊലീസ് സേനയിൽ ഒരു അഴിച്ചു പണി അത്യവശ്യമാണ്. ഒരു ആസിഡ് വാഷ് തന്നെ വേണം,’സുരേഷ് ഗോപി പറയുന്നു. താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ഗരുഡൻ സിനിമയുടെ സംവിധായകനൊപ്പം പോപ്പർ സ്റ്റോപ്പ്‌ മലയാളത്തിനോട്‌ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘ഇന്നത്തെകാലത്തും ചില നല്ല പൊലീസുകാരുണ്ട് പക്ഷെ അവർക്ക് പോലും നല്ല രീതിയിൽ വർക്ക് ചെയ്യാനുള്ള അവസരം നിലവിലില്ലാത്ത സ്ഥിതിയാണിപ്പോൾ. അവരോടൊപ്പമുള്ള ചില കറുപ്പ് നാണയങ്ങളാണ് പ്രശ്‌നം. നിലവിലെ പൊലീസ് സേനയിൽ ഒരു അഴിച്ചു പണി അത്യാവശ്യമാണ്. ഒരു ആസിഡ് വാഷ് തന്നെ വേണം.

ഞാൻ ആറ് വർഷം പാർലമെന്റിൽ ഇരുന്ന കാലഘട്ടത്തിൽ എന്റെ മുന്നിൽ വന്നിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്.

പരാതി കൊണ്ട് വന്നവരാരും രാഷ്ട്രീയക്കാരല്ല. സാധാരണക്കാരാണ്. രാഷ്ട്രീയത്തോട് വെറുപ്പും അല്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് ഒരുപാട് ദൂരെ നിൽക്കുന്നവരായിരുന്നു അവരെല്ലാം.

ഇതെല്ലാം ഞങ്ങൾ നിർവഹിക്കേണ്ടതാണ് എന്ന് നിർബന്ധ ബുദ്ധിയുള്ള പ്രജകളാണ് ആ പരാതി തന്നത്. അതൊന്നും നുണയാണെന്ന് വിശ്വസിക്കാൻ ഞാൻ തയ്യാറല്ല. പൊലീസ് സേനയ്‌ക്കെതിരെ ഇത്രയും ആരോപണങ്ങൾ വരുമ്പോൾ സങ്കടമാവാറുണ്ട്.

കാരണം കാക്കി ഇപ്പോഴും എന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാക്കി കാണുമ്പോൾ തന്നെ ഭയങ്കര ജീവനാണ്. അത് മൊത്തത്തിൽ കളങ്കമായി മാറുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല. അങ്ങനെ ഒരുപാട് ക്രൂരതകൾ നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നുണ്ട്. അത് തീർച്ചയായും ശരിയാക്കി എടുക്കണം, സുരേഷ് ഗോപി പറയുന്നു.

Content Highlight: Suresh Gopi Talk About Kerala Police Department

We use cookies to give you the best possible experience. Learn more