ഇടുക്കി: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി നടനും എം.പിമായ സുരേഷ് ഗോപി. പാലാ ബിഷപ്പിന്റെ വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എന്തെങ്കിലും തെറ്റ് വന്നാല്‍ മാത്രം വിമര്‍ശിക്കാമെന്നും അല്ലാതെ ചുമ്മാ സര്‍ക്കാരിനെ കുറ്റം പറയരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി നേരിട്ട് വന്ന് മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ലെന്നും ഒരു ചെയറിലിരിക്കുന്ന ആളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ബുദ്ധിയുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്. ആ തരത്തിലുള്ള ഇടപെടലെല്ലാം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘സര്‍ക്കാരിന് നല്ല ബുദ്ധിയുണ്ട്. അവര്‍ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും നന്നായിട്ട് കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. ചുമ്മാ അവരെ കുറ്റംപറയാതെ. അവര്‍ കാര്യങ്ങള്‍ ചെയ്യട്ടെ. ചെയ്യുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കുറ്റം പറയാം. അത് രാജ്യതാത്പര്യത്തിന് എതിരാണ് എന്ന് വന്നാല്‍ നിങ്ങള്‍ കുറ്റം പറഞ്ഞോളൂ. രാജ്യതാത്പര്യമാണ് പ്രധാനം. രാജ്യത്തിന്റെ പൗരന്മാരുടെ താത്പര്യം, അവരുടെ സംരക്ഷണം അത് മാത്രമാണ് വലുത്. അതിന് എതിരുനില്‍ക്കുന്ന ഘടകങ്ങളെയെല്ലാം എന്ത് ചെയ്യണമെന്ന് നിങ്ങള്‍ തന്നെ പറയണം.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. പിന്നെ മുഖ്യമന്ത്രി എല്ലാത്തിനും വന്ന് നിന്ന് ഇങ്ങനെ മറുപടി പറയണമെന്നുണ്ടോ. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല. ഒരു ചെയറില്‍ ഇരിക്കുന്ന ആളാണ്. അഡ്മിനിസ്‌ട്രേറ്ററാണ്. അദ്ദേഹത്തിന് ആ ചെയറിന് കൊടുക്കേണ്ട മാന്യതയുണ്ട്. അത് സംരക്ഷിക്കണം. അദ്ദേഹം ഇങ്ങനെ എല്ലാം പറയണോ അദ്ദേഹം ചെയ്താല്‍ പോരെ?. ചെയ്യുന്നതില്‍ രാജ്യദ്രോഹപരമായ കാര്യമുണ്ടെങ്കില്‍ നിങ്ങള്‍ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യൂ.
ബിഷപ്പിന്റെ പരാമര്‍ശം ചിലര്‍ മുതലെടുത്തോ എന്ന ചോദ്യത്തിന് അതെല്ലാം നിങ്ങളുടെ തോന്നലാണെന്നും ചര്‍ച്ചയാകുന്നത് എങ്ങനെയാണ് മുതലെടുപ്പാകുന്നത് എന്നും സുരേഷ് ഗോപി ചോദിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: Suresh Gopi Support Pinaryi Government on Narcotic Jihad Controversy