കൊച്ചി: ഗുഡ്‌വില്‍ സിനിമാസിന്റെ ബാനറില്‍ താന്‍ നിര്‍മ്മിച്ച സിനിമകള്‍ തിയേറ്ററുകളില്‍ തന്നെ വന്നാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.
സുരേഷ് ഗോപി നായകനായി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിന് 7 കോടി രൂപ ഒ.ടി.ടി വാഗ്ദാനം ലഭിച്ചിരുന്നെന്നും എന്നാല്‍ തിയേറ്റര്‍ ഉടമകളെ വിചാരിച്ചാണ് ചിത്രം നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെയില്‍ എന്ന ചിത്രത്തിനും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു പുതുമുഖ സംവിധായകന്റെ ചിത്രമാണ് വെയില്‍, മാത്രവുമല്ല ചിത്രത്തില്‍ ഷെയ്ന്‍ നിഗം മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടതാണെന്ന് തോന്നി. ജോബി ജോര്‍ജ് പറഞ്ഞു.
സുരേഷ് ഗോപി നായകനായ കാവല്‍ എന്ന ചിത്രത്തിന് 7 കോടിയോളം രൂപ ഒ.ടി.ടി വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ തിയേറ്ററുകാരെ വിചാരിച്ച് കൊടുത്തില്ല. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ ഗത്യന്തരമില്ലെങ്കില്‍ എന്തു ചെയ്യും. മാര്‍ഗ്ഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം. ഈ പ്രതിസന്ധിയില്‍ എനിക്ക് പിടിച്ചു നില്‍ക്കാനായി. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് സാധ്യമാകണമെന്നില്ലല്ലോ.എല്ലാ സിനിമകളും ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ അവസരം ലഭിക്കണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് പ്രൊഡക്ഷന്‍ ഹൗസ്, അഭിനേതാക്കള്‍, സംവിധായകര്‍ ഇതെല്ലാം പരിഗണിച്ചാണ് അവര്‍ സമീപിക്കുക. തിയേറ്ററുകളില്‍ വിജയം നേടിയ സിനിമകളാണ് നേരത്തേ ഒ.ടി.ടിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പ്രതികൂലമായതിനാലാണ് ഒ.ടി.ടിയില്‍ റിലീസിനെത്തുന്നത്- ജോബി ജോര്‍ജ്ജ് പറഞ്ഞു.
കസബയ്ക്ക് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നിതിനാണ്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി രണ്ട് ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുന്നത്.
ഐ.എം.വിജയന്‍, മുത്തുമണി, പത്മരാജ് രതീഷ്, അലന്‍സിയര്‍, സയ ഡേവിഡ്, സന്തോഷ് കീഴാറ്റൂര്‍,സുജിത് ശങ്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നിഖില്‍ എസ്. പ്രവീണാണ് ഛായാഗ്രഹണം
ഷെയ്ന്‍ നിഗം നായകനാവുന്ന വെയില്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്.സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ശബ്ദമിശ്രണം രംഗനാഥ് രവി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Suresh Gopi starrer kaaval was offered an OTT platform for Rs 7 crore and both the films were slated to hit theaters; Producer Joby George