| Wednesday, 24th April 2019, 9:06 am

സുരേഷ്‌ഗോപിയെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെയാണെന്ന് പറഞ്ഞവരുണ്ട്; അച്ഛനെതിരെ ലോബി പ്രവര്‍ത്തിച്ചെന്ന് മകന്‍ ഗോകുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചെന്ന് മകന്‍ ഗോകുല്‍ സുരേഷ്. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഗോകുലിന്റെ ആരോപണം.

വര്‍ഗീയത മാത്രമാണ് സുരേഷ് ഗോപി വന്നാല്‍ ഉണ്ടാകുകയെന്ന രീതിയില്‍ ഇവര്‍ പ്രചരണം നടത്തിയെന്നാണ് ഗോകുലിന്റെ ആരോപണം.

‘മറ്റു മതത്തിലുള്ളവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നൊക്കെ പറഞ്ഞത് പരത്തി. അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെയുള്ള പുണ്യ പ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ട്. ‘ എന്നാണ് ഗോകുല്‍ പറയുന്നത്.

സുരേഷ് ഗോപിയ്ക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയപ്പോഴുള്ള അനുഭവങ്ങള്‍ വിശദീകരിക്കവേയാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അച്ഛന് പോകാന്‍ സാധിക്കാത്ത ഇടത്ത് ഞാനും അമ്മയും കൂടി പോയിരുന്നു. അതില്‍ നിന്നൊക്കെ ഏറെ വേദിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു’ എന്നാണ് ഗോകുലിന്റെ ആരോപണം.

സുരേഷ് ഗോപിയെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ ബിജു മേനോന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ചും ഗോകുല്‍ സംസാരിച്ചു. വ്യാജ പ്രൊഫൈലുകളാണ് ബിജുമേനോനെതിരെ രംഗത്തുവന്നത്. കാശിറക്കി കളിച്ച കളിയാണെന്നുള്ളത് ഒരു വലിയ ഭൂരിപക്ഷത്തിനെങ്കിലും ഇതിനോടകം മനസിലായിക്കാണുമെന്നും ഗോകുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more