തിരുവനന്തപുരം: ജബല്‍പൂരില്‍ മലയാളി വൈദികനെയും വിശ്വാസികളെയും ബജ്‌രംഗ് ദൾ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് ആക്രോശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
ഉത്തരം പറയാന്‍ സൗകര്യമില്ലെന്നും ചോദ്യങ്ങള്‍ എല്ലാം സി.പി.ഐ.എം രാജ്യസഭാ എം.പിയായ ജോണ്‍ ബ്രിട്ടാസിന്റെ വീട്ടില്‍ വെച്ചാല്‍ മതിയെന്നും സഹമന്ത്രി പറഞ്ഞു. നിങ്ങള്‍ ആരാണ്, നിങ്ങള്‍ ആരോടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും മാധ്യമങ്ങള്‍ ആരാണെന്നും സഹമന്ത്രി ആക്രോശിച്ചു.
ഉത്തരം പറയാന്‍ വിസമ്മതിച്ച മന്ത്രി, ജബല്‍പൂരിലുണ്ടായ സംഭവത്തില്‍ നിയമപരമായ നടപടി ഉണ്ടാകുമെന്നും പറഞ്ഞു. തുടര്‍ന്ന് ഒരു കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ നല്‍കേണ്ട ഉത്തരം ഇതാണല്ലോയെന്നും ആക്രോശിക്കുകയല്ല വേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
ചോദ്യങ്ങള്‍ ആവര്‍ത്തിച്ച കൈരളി ചാനല്‍ റിപ്പോര്‍ട്ടറിനെ മന്ത്രി അധിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബല്‍പൂര്‍ അതിരൂപതയുടെ വികാരി ജനറലായ ഫാദര്‍ ഡേവിസ് ജോര്‍ജിനും രൂപത പ്രൊക്യുറേറ്ററായ ഫാദര്‍ ജോര്‍ജ് തോമസിനും വിശ്വാസികള്‍ക്കുമാണ് മര്‍ദനമേറ്റത്.
ഏപ്രില്‍ ഒന്ന് തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. മാണ്ട്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്കാ തീര്‍ത്ഥാടകര്‍ 2025 ജൂബിലിയുടെ ഭാഗമായി ജബല്‍പൂരിലെ വിവിധ കത്തോലിക്കാ പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുകയായിരുന്നു.
ഈ സമയം ബജ്‌രംഗ് ദൾ സംഘം തടഞ്ഞുനിര്‍ത്തി വിശ്വാസികള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇവരെ ഒംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും മറ്റൊരു പള്ളിയില്‍ വെച്ച് വീണ്ടും തടഞ്ഞുനിര്‍ത്തി വിശ്വാസികളെ റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് ബജ്‌രംഗ് ദൾ സംഘം കൊണ്ടുപോയി.
തുടർന്ന് ഇവരെ സഹായിക്കാനെത്തിയതാണ് ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസും രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജും.
എന്നാല്‍ വൈദികർക്കും മര്‍ദനമേല്‍ക്കുകയായിരുന്നു. ഒടുവില്‍ പൊലീസ് ഇടപെട്ട് വൈകുന്നേരം അഞ്ച് മണിയോടെ പുരോഹിതന്മാരെയും തീര്‍ത്ഥാടകരെയും മോചിപ്പിച്ച് മാണ്ട്‌ലയിലേക്ക് തിരികെ കൊണ്ടുപോകുകയാണ് ഉണ്ടായത്.
ഈ സംഭവത്തെ മുന്‍നിര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് പ്രതികരണം തേടിയത്. ഇന്നലെ രാജ്യസഭയില്‍ നടന്ന വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ജോണ്‍ ബ്രിട്ടാസ് എം.പി ജബല്‍പൂര്‍ വിഷയം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
Content Highlight: Suresh Gopi shouts at questions about priests being attacked in Jabalpur