|

Do You Want Me to Continue ? Yes Sir; ഇന്നത്തെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ഈ റിപ്പോര്‍ട്ടിങ്ങിന്

ഷിബു ഗോപാലകൃഷ്ണൻ

Do you want me to continue എന്നു ചോദിച്ചപ്പോള്‍ Yes എന്നുകേട്ട ദുര്‍ബലമായ, എന്നാല്‍ യാതൊരു സന്ദേഹവുമില്ലാതെ പുറത്തുവന്ന ആ മറുപടി ഉണ്ടല്ലോ അതാണ് ആക്ഷന്‍ ഹീറോയുടെ പെര്‍ഫോമന്‍സിനേക്കാള്‍ ഇന്നത്തെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം അര്‍ഹിക്കുന്നത്.

കൂട്ടത്തിലൊരുത്തന്‍ ചോര ഒലിപ്പിച്ചു നില്‍ക്കുന്നത് കണ്ടാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അയാള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ക്കാര്‍ക്കും നൊന്തില്ല.

അതും എന്റെ ചോരയാണെന്ന് തോന്നിയില്ല. പിന്നിലേക്ക് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അവരുടെ ജോലിയാണ് ചെയ്തതെന്നും നാളെ ഞാനും ഒരു ചോദ്യം ഉറപ്പിച്ചു ചോദിച്ചതിന്റെ പേരില്‍ ആക്രോശിക്കപ്പെടുമെന്നും പിന്നിലേക്ക് നീക്കി നിര്‍ത്തിപ്പെടുമെന്നും നിങ്ങള്‍ക്ക് തോന്നിയില്ല.

യാതൊന്നും സംഭവിക്കാത്തപോലെ അവിടെ അങ്ങനെ തന്നെ തുടരാന്‍ കഴിഞ്ഞ നിങ്ങളുടെ കൂട്ടംകൂടിയുള്ള ആ നില്‍പ്പ് എത്രമാത്രം അരക്ഷിതമായ, എത്ര എളുപ്പത്തില്‍ ഒറ്റപ്പെട്ടുപോകാവുന്ന ഒരു പണിയിടമാണ് നിങ്ങളുടേതെന്നു നിങ്ങളറിയാതെ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആ റിപ്പോര്‍ട്ടിങ്ങിനാണ് ഇന്നത്തെ ഏറ്റവും മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്പെഷ്യല്‍ ജൂറി പുരസ്‌കാരം.

ഒരു പെണ്ണ് നിവര്‍ന്നു നിന്നു രണ്ടു വര്‍ത്തമാനം പറഞ്ഞാല്‍, വിട്ടുകൊടുക്കാതെ മൂന്നു ചോദ്യങ്ങള്‍ ചോദിച്ചാല്‍, അതിനുമുന്നില്‍ പൊട്ടിപ്പൊളിഞ്ഞു പോകുന്ന സമചിത്തതയൊക്കെയേ ആക്ഷന്‍ തമ്പുരാന് ഉള്ളൂ എന്നുവരുന്നത് എന്തൊരു ദയനീയമായ കാഴ്ചയാണ്.

അതുവരെ ചിരിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ പെട്ടെന്ന് കഥാപാത്രമായി മാറുകയാണ്, അമറുകയാണ്, ആക്രോശിക്കുകയാണ്. ഉള്ളില്‍ എന്തുമാത്രം കലിപ്പ് കടിച്ചുപിടിച്ചിട്ടാണ് അതുവരെ ചിരിച്ചത് എന്നോര്‍ക്കുമ്പോഴാണ്.

ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ പിന്നെ ആര്‍ക്കായാലും ദേഷ്യം വരൂല്ലേ! അവിടുന്നങ്ങ് ക്ഷോഭിക്കുകയാണ്, രോഷാകുലനാവുകയാണ്, കോപാക്രാന്തനാവുകയാണ്! ഇതു ആക്ഷന്‍ സിനിമയല്ല, പച്ചയായ ജീവിതമാണ് എന്ന് ആരാണ് ഈ മനുഷ്യനോട് പറഞ്ഞുകൊടുക്കുക!

Content Highlight: Suresh Gopi Shout at a Journalist a Writeup

ഷിബു ഗോപാലകൃഷ്ണൻ