| Saturday, 14th September 2024, 5:46 pm

സുരേഷ് ഗോപി മാധ്യമങ്ങളോട് മിതത്വം പാലിക്കണം; കേരളത്തില്‍ നിന്ന് മുമ്പും ബി.ജെ.പിക്ക് മന്ത്രിമാരുണ്ടായിട്ടുണ്ട്; വിമര്‍ശനവുമായി ആര്‍.എസ്.എസ്. പ്രസിദ്ധീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമങ്ങളോടുള്ള സുരേഷ് ഗോപിയുടെ ധാര്‍ഷ്ഠ്യത്തെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. വാരികയായ കേസരിയില്‍ ലേഖനം. പ്രതികരണം ആരായുന്ന മാധ്യമങ്ങളോട് സുരേഷ് ഗോപി മിതത്വം പാലിക്കണമെന്നും ഇക്കാര്യത്തില്‍ സുരേഷ് ഗോപി കൈകൊള്ളുന്ന നിലപാട് ശരിയല്ലെന്നും ലേഖനത്തില്‍ പറയുന്നു.

മാധ്യമങ്ങളും മന്ത്രി സുരേഷ് ഗോപിയും എന്ന തലക്കെട്ടില്‍ ജി.കെ. സുരേഷ് ബാബുവാണ് കേസരിയില്‍ ലേഖനം എഴുതിയിരിക്കുന്നത്. 2024 സെപ്തംബര്‍ ആറിലെ ലക്കത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബി.ജെ.പി കേന്ദ്ര മന്ത്രിയല്ല സുരേഷ് ഗോപിയെന്നും ഒ. രാജഗോപാലും വി. മുരളീധരനുമെല്ലാം നേരത്തെ കേന്ദ്രമന്ത്രിമാരായിട്ടുണ്ടായിരുന്നു എന്നും ലേഖനം സുരേഷ് ഗോപിയെ ഓര്‍മിപ്പിക്കുന്നു.

അവരോടൊക്കെ മാധ്യമങ്ങള്‍ ഇപ്പോള്‍ സുരേഷ്‌ഗോപിയോട് ചോദിക്കുന്നതിനേക്കാള്‍ അഗ്രസീവായി ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ പുഞ്ചിരിയോട് കൂടി മറുപടി പറയുകയോ മറുപടി പറയാനില്ലെങ്കില്‍ അത് സൗമ്യമായി പറയുകയോ ആയിരുന്നു ചെയ്തത് എന്നും ലേഖനത്തില്‍ പറയുന്നു.

സുരേഷ് ഗോപിയും പ്രതികരിക്കാന്‍ താത്പര്യമില്ലെങ്കില്‍ സൗമ്യമായും മാന്യമായും പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്നും ലേഖനത്തില്‍ പറയുന്നു. അതിന് പകരം സുരേഷ് ഗോപി നിലവിട്ട് പെരുമാറുകയും പൊട്ടിത്തെറിക്കുകയും ചെയ്താല്‍ അത് അദ്ദേഹത്തെ മാത്രമല്ല ബാധിക്കുക, പകരം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയെയും മോശമായി ബാധിക്കുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമങ്ങളോട് പെരുമാറുന്നതില്‍ വി. മുരളീധരന്റെ സമീപനം മാതൃകാപരമായിരുന്നു എന്നും ലേഖനത്തില്‍ പറയുന്നു. സുരേഷ് ഗോപി പറയുന്നത് പോലെ എവിടെ നിന്നാണ് വരുന്നതെന്ന് നോക്കി അവിടുത്തെ കാര്യങ്ങള്‍ മാത്രം പറയുക എന്നത് മാധ്യമപ്രവര്‍ത്തനത്തില്‍ സാധ്യമാകുന്ന കാര്യമല്ലെന്നും ലേഖനം പറയുന്നു.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ സര്‍ക്കാറുമായും ബി.ജെ.പിയുമായും ബന്ധപ്പെട്ട് ഏത് ചോദ്യങ്ങളും സുരേഷ് ഗോപിയോട് ചോദിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നും മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യാനുള്ള അവകാശം മന്ത്രിക്കുമുണ്ടെന്നും ലേഖനം ഓര്‍മപ്പെടുത്തുന്നു. എന്നാല്‍ ചോദ്യം എങ്ങനെ വേണമെന്നോ എന്ത് വേണമെന്നോ തീരുമാനിക്കാനുള്ള അവകാശം മന്ത്രിക്കില്ലെന്നും കേസരിയിലെ ലേഖനത്തില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകരോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റത്തെ സംബന്ധിച്ച് വലിയരീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ കേസരിയില്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് കൊണ്ട് ലേഖനം വന്നിരിക്കുന്നത്.

കോഴിക്കോട് വെച്ച് മീഡിയ വണ്ണിലെ വനിത മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് അദ്ദേഹത്തിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. തൃശൂരില്‍ വെച്ച് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനെ സുരേഷ് ഗോപി കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

content highlights: Suresh Gopi should be moderate with media; BJP has had ministers from Kerala before: RSS criticizes publication

Latest Stories

We use cookies to give you the best possible experience. Learn more