തെങ്ങിന് കായ്ഫലം കൂടാനായി മൈക്ക് കെട്ടി പാട്ട് വെക്കുന്ന സമ്പ്രദായം പണ്ട് കാലത്ത് കേരളത്തില്‍ നിലനിന്നിരുന്നെന്ന് നടന്‍ സുരേഷ് ഗോപി. അതോടൊപ്പം മനുഷ്യര്‍ മരങ്ങളെ സ്പര്‍ശിക്കുന്ന സമയത്ത് അവയുടെ പച്ചപ്പ് വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവ സത്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ആറ്റുകാല്‍ പൊങ്കാല വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസുമായി പങ്കു വെക്കുന്നതിനിടയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊങ്കാലയിടാന്‍ ഇത്രയധികം ജനങ്ങള്‍ ഒത്തു കൂടുന്നതെന്നും താനും കുടുംബവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വീട്ടില്‍ തന്നെയാണ് പൊങ്കാലയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മളിടുന്ന പൊങ്കാല സ്വീകരിക്കാനായി അമ്മ നേരിട്ട് വീട്ടിലേക്കെത്തും എന്ന വലിയൊരു വിശ്വാസമുണ്ട്. ആ വിശ്വാസമാണ് നമ്മുടെ ആചാരത്തിന് ബലമേകുന്നത്. ഓരോ അടുപ്പിന്റെ ചുവട്ടിലും കാത്തിരിക്കുന്ന ഭക്ത ജനങ്ങളും കാത്തിരിക്കുന്നത് അതിന് വേണ്ടിയാണ്.
ആ സ്വീകരണത്തിന് വേണ്ടിയാണ് വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ തീരുമാനിച്ചത്. ഓരോന്നും ഓരോ വിശ്വാസമാണ്.
പണ്ട് കാലത്തൊക്കെ തെങ്ങിന് കായ് ഫലം കൂടാനായി മൈക്ക് കെട്ടിവെച്ച് പാട്ട് വെച്ച് കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അത് ഉത്സവങ്ങളുടെ പേരിലാണ് നടന്നിരുന്നത്. മരങ്ങളെ നമ്മള്‍ സ്പര്‍ശിച്ചാല്‍ പിറ്റേന്ന് അതിന്റെ പച്ചപ്പിന് കൂടുതല്‍ ഭംഗി വെച്ചതുപോലെ നമുക്ക് കാണാന്‍ പറ്റും. ഇത് സൈക്കോളജിയല്ല, സത്യമാണ്.
ഭൂമിയിലെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും അവരുടേതായ അവകാശമുണ്ട്. ആ അവകാശങ്ങള്‍ ഹൃദയം കൊണ്ട് കൈമാറ്റം ചെയ്യണം. മനുഷ്യന്‍ മനുഷ്യനിലേക്കും, മനുഷ്യന്‍ മരത്തിലേക്കും, മനുഷ്യന്‍ മൃഗങ്ങളിലേക്കുമെല്ലാം ഈ സ്‌നേഹം കൈമാറണം,’ സുരേഷ് ഗോപി പറഞ്ഞു.
കൊറോണ കാരണം രണ്ട് വര്‍ഷത്തെ നിരോധനാജ്ഞ ചങ്ങലക്കിടല്‍ പോലെയാണ് ജനങ്ങള്‍ക്ക് തോന്നിയതെന്നും ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്ന എല്ലാ മനുഷ്യരും ഒരു കൂടിച്ചേരല്‍ ആഗ്രഹിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
Content Highlight: Suresh gopi sharing his pongal experience