സുരേഷ് ഗോപി നായകനായ പാപ്പന്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിയെത്തിയത്.
ചിത്രം കാണാന്‍ കുടുംബ പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുരേഷ് ഗോപി. സിനിമ കണ്ടിറങ്ങവേ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫാമിലി സിനിമ അത് അല്ലാത്ത സിനിമ അങ്ങനെ ഒന്നുമില്ലെന്നും സിനിമ നല്ലതാണെങ്കില്‍ എല്ലാവരും അത് കാണാന്‍ തിയേറ്ററിലേക്ക് വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘സിനിമ നല്ലതാണെങ്കില്‍ അത് കാണാന്‍ എല്ലാവരും വരും. ആര്‍ട്ട് സിനിമ, വാണിജ്യ സിനിമ അങ്ങനെയുള്ള ഒരു തരം തിരിവുമില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഗ്രേ ഷെയ്ഡിലുള്ള ചിത്രങ്ങള്‍ ഒന്നും ആരും കാണില്ലലോ ഇവിടെ വിജയിക്കില്ലല്ലോ,’, സുരേഷ് ഗോപി പറയുന്നു. കുടുംബ പ്രേക്ഷകര്‍ എല്ലാം ചിത്രം കാണാന്‍ വരുമെന്നും സുരേഷ് ഗോപി കൂട്ടിചേര്‍ക്കുന്നു.
ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണെങ്കിലും ചിത്രം കണ്ടവര്‍ എല്ലാം തന്നെ സുരേഷ് ഗോപി മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് അഭിപ്രായപ്പെടുന്നത്.
ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപി ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.