| Sunday, 31st July 2022, 12:29 pm

സൂപ്പര്‍ സ്റ്റാര്‍ഡം തരുന്നത് ഓഡിയന്‍സിന്റെ അവകാശമാണ്, എനിക്ക് മണ്ണില്‍ തൊട്ടുനില്‍ക്കുന്ന താരമായി ജീവിക്കാനാണ് ഇഷ്ടം: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ് ആഘോഷിക്കുന്ന തിരക്കിലാണ് പ്രേക്ഷകര്‍. ജോഷി സംവിധാനം ചെയ്ത പാപ്പന് ഏറ്റവും മികച്ച വരവേല്‍പ്പാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

ഒരു കാലത്ത് മലയാളി പ്രേക്ഷകര്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി നല്‍കി ആരാധിച്ചിരുന്ന നടന്‍മാരുടെ കൂട്ടത്തില്‍ സുരേഷ് ഗോപിയുമുണ്ടായിരുന്നു. സിനിമയില്‍ നിന്നും അദ്ദേഹം വിട്ടു നിന്നപ്പോഴും ആരാധകരുടെ എണ്ണത്തില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കാരണം പാപ്പനുവേണ്ടി അത്രമാത്രം കാത്തിരിപ്പിലായിരുന്നു ഓഡിയന്‍സ്.

തനിക്ക് പ്രേക്ഷകര്‍ നല്‍കിയ സൂപ്പര്‍ സ്റ്റാര്‍ പദവിയെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ഡം തരുന്നത് ഓഡിയന്‍സിന്റെ അവകാശമാണെന്നും തനിക്ക് മണ്ണില്‍ തൊട്ടുനില്‍ക്കുന്ന താരമായി ജീവിക്കാനാണ് ഇഷ്ടമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘എനിക്ക് സ്റ്റാര്‍ഡം തരുന്നത് ഓഡിയന്‍സിന്റെ അവകാശമാണ്. അവരുടെ ഇഷ്ടത്തിന്റെ അളവ് വര്‍ധിക്കുന്നതിനനുസരിച്ച് ആ വ്യക്തിയുടെ പ്രകടനം കൂടുതല്‍ കാണണം എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ സ്റ്റാര്‍ഡം തരുന്നത്.

പ്രേക്ഷകരുടെ ആ ആഗ്രഹം കൊണ്ടാണ് സ്റ്റാര്‍ഡവും സൂപ്പര്‍ സ്റ്റാര്‍ഡവും നല്‍കുന്നത്. അത് എന്റെ അവകാശമല്ല. ഞാന്‍ എടുത്ത് അണിയുന്ന ആഭരണവുമല്ല. ഞാന്‍ അതൊരിക്കലും എടുത്ത് അണിയില്ല. എനിക്ക് മണ്ണില്‍ തൊട്ടുനില്‍ക്കുന്ന താരമായി ജീവിക്കാനാണ് ഇഷ്ടം,’ സുരേഷ് ഗോപി പറഞ്ഞു.

വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ചിത്രമാണിത്. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്.

ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവര്‍ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Suresh Gopi says that super stardom is the right of the audience, i prefer to live as a down-to-earth star

We use cookies to give you the best possible experience. Learn more