രാഷ്ട്രീയക്കാർക്കും പത്രപ്രവർത്തകർക്കും എന്നെ വഷളനാക്കാനാണ് ഇഷ്ടം: സുരേഷ് ഗോപി
Entertainment news
രാഷ്ട്രീയക്കാർക്കും പത്രപ്രവർത്തകർക്കും എന്നെ വഷളനാക്കാനാണ് ഇഷ്ടം: സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st July 2022, 1:14 pm

മാസ് ഡയലോഗുകൾ പറയുന്ന നായകൻ എന്നോർക്കുമ്പോൾ പലരുടെയും ഓർമയിലേക്ക് ആദ്യമെത്തുന്നത് സുരേഷ് ഗോപിയാവും. വില്ലൻമാരെ ഇടിച്ചിടുന്ന, നെടു നീളൻ ഡയലോഗുകൾ അടിക്കുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ഹീറോ ഇമേജ് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ അത്തരം സംഭാഷണങ്ങൾക്ക് വലിയ ആരാധകരുണ്ട്.

സുരേഷ് ഗോപി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം തന്നെ പ്രേക്ഷകർ അദ്ദേഹത്തെക്കൊണ്ട് സിനിമകളിലെ മാസ് ഡയലോഗുകൾ  പറയിക്കാറുമുണ്ട്. എന്നാൽ തനിക്ക് സിനിമയിൽ കാണുന്ന പോലെ സംസാരിക്കുന്നത് വലിയ താൽപര്യമില്ലെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

തനിക്ക് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാനാണ് ഇഷ്ടമെന്നും എന്നാൽ എതിർവശത്തുള്ള രാഷ്ട്രീയക്കാർക്കും പത്രപ്രവർത്തകർക്കും എന്നെ വഷളനാക്കാനാണ് ഇഷ്ടമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

‘എനിക്ക് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാനാണ് ഇഷ്ടം. ഞാൻ പലരെയും പരിചയപ്പെടുന്ന സമയത്ത് അവർക്ക് പേടിയാണ്. ഗോകുലിന്റെ (ഗോകുൽ സുരേഷ്) മനോഭാവമാണ് പലർക്കും. എന്റെ അടുത്തേക്ക് വരാൻ പേടിയും മിണ്ടുമോ എന്ന സംശയവുമൊക്കെയാണ്.

എന്റെ അടുത്ത് വന്ന് സംസാരിച്ച് കഴിയുമ്പോൾ അവർ പറയും അയ്യോ സിനിമയിൽ കാണുന്ന ആളേ അല്ലല്ലോ എന്ന്. ഞാൻ അതിന് പറയാറുള്ള മറുപടി, സിനിമയിൽ കാശ് ഒരുപാട് തരുന്നതുകൊണ്ട് അതുകൊണ്ട് അവർക്ക് വേണ്ടി അങ്ങനെയാവുന്നതാണെന്നാണ്.

രാഷ്ട്രീയത്തിലേക്ക് എത്തുമ്പോഴും എനിക്ക് പതിഞ്ഞ ടോണിൽ സംസാരിക്കാനാണ് ഇഷ്ടം. ഞാൻ ഇവിടെ ഇലക്ഷന് നിൽക്കുന്നുണ്ട്. നിങ്ങൾ എനിക്ക് വോട്ട് ചെയ്യണം. ഞാൻ വലിയ വാഗ്‌ദാനങ്ങൾ ഒന്നും തരുന്നില്ല. എന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യും എന്നൊക്കെയാണ് ഞാൻ പറയാറുള്ളത്‌.

ഇങ്ങനെയൊക്കെ സംസാരിക്കുന്നതാണ് എനിക്ക് ഇഷ്ടം. പക്ഷെ എവിടെ ചെന്നാലും എനിക്ക് ഇങ്ങനെ ശാന്തനായി സംസാരിക്കാൻ പറ്റാറില്ല. എതിർവശത്തുള്ള രാഷ്ട്രീയക്കാർക്കും പത്രപ്രവർത്തകർക്കും എന്നെ വഷളനാക്കാനാണ് ഇഷ്ടം,’ സുരേഷ് ഗോപി പറഞ്ഞു.

വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പൻ. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്.

ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവര്‍ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Suresh Gopi says that Politicians and journalists like to make him worse