|

ഞങ്ങളെപ്പോലുളളവർ അടിമകളായി തുടരണമെന്നാണ് സുരേഷ് ഗോപി പറയുന്നത്; മാടമ്പി മനോഭാവമാണിത്: സി. കെ. ജാനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ട്രൈബൽ വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതൻ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന പ്രസിഡന്റുമായ സി. കെ. ജാനു.

സുരേഷ് ഗോപിയുടെ പ്രസ്‍താവനയിലൂടെ തങ്ങളെ പോലെ ഉളളവർ അടിമകളായി തുടരണം എന്നാണദ്ദേഹം പറയുന്നതെന്ന് ജാനു പറഞ്ഞു. ഇത്തരം ചർച്ചകൾ ഉയരുന്നത് ഇന്ത്യക്ക് അപമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

‘ഉന്നതകുലജാതർ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ആദിവാസി വിഭാഗത്തിലുളളവർ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. ഇനിയും ഉന്നതർ വരണമെന്നാണ് പറയുന്നത് അടിമ-മാടമ്പി മനോഭാവമാണ്. അവരാരും മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ആദിവാസികൾക്ക് ഭരണഘടന നൽകുന്ന വ്യവസ്ഥകൾ ഉണ്ട്. നൂറ്റാണ്ടുകളായി ഉന്നത കുലജാതർ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതർ വരണമെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല,’ സി.കെ ജാനു പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ. രാധാകൃഷ്ണൻ എം പിയും പ്രതികരിച്ചു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ്‌ ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഗോത്രകാര്യ വകുപ്പ് ഉന്നത കുലജാതരാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്കിലേ ആ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പുരോഗതിയുണ്ടാകൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. തനിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.

2016ല്‍ താന്‍ എം.പിയായിരുന്നപ്പോള്‍ മുതല്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം പറയാറുണ്ടായിരുന്നെന്നും സുരേഷ് ഗോപി പറയുന്നുണ്ട്. സിവില്‍ ഏവിയേഷന്‍ വകുപ്പ് തനിക്ക് വേണ്ടെന്നും തന്നെ ട്രൈബൽ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നിങ്ങൾ എങ്ങനെ വേണമെങ്കിലും പ്രചരിപ്പിച്ചോളൂ എന്നും സുരേഷ് ഗോപി മറുപടി നൽകി. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വിവാദപ്രസ്താവനയിൽ തന്നോട് ഒന്നും ചോദിക്കരുതെന്നുപറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയും ചെയ്തു.

Content Highlight: Suresh Gopi says that people like us should remain slaves; This is Madambi attitude: CK Janu