| Saturday, 23rd July 2022, 3:35 pm

പാപ്പൻ സിനിമയിൽ നിങ്ങൾക്ക് ലേഡി സുരേഷ് ഗോപിയെ സമ്മാനിക്കാൻ പോകുന്നത് നീത പിള്ളയായിരിക്കും: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയും ജോഷിയും വലിയ ഒരിടവേളക്ക് ശേഷം ഒന്നിച്ചെത്തുന്ന പാപ്പൻ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി വലിയ രീതിയിലുള്ള പരിപാടികളാണ് നടക്കുന്നത്. പാപ്പൻ സിനിമയിലെ അതെ ലുക്കിൽ താരം ലുലു മാളിലെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തെ കുറിച്ച് വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. മുൻ കാലങ്ങളിലേത് പോലെ ശക്തമായ പൊലീസ് വേഷമാണ് സുരേഷ് ഗോപി ഈ ചിത്രത്തിലും അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിടുന്ന സൂചനകൾ കാണിക്കുന്നത്. എബ്രഹാം മാത്യു എന്നാണ് കഥാപാത്രത്തിന്റെ പേര്.

പാപ്പൻ സിനിമയിൽ നിങ്ങൾക്ക് ലേഡി സുരേഷ് ഗോപിയെ സമ്മാനിക്കാൻ പോകുന്നത് നീത പിള്ള ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. ലുലു മാളിൽ വെച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏകദേശം പത്തൊൻപത് വനിതകളാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ഒരു പക്ഷെ ഈ സിനിമയിൽ നിങ്ങൾക്ക് ലേഡി സുരേഷ് ഗോപിയെ സമ്മാനിക്കാൻ പോകുന്നത് നീത പിള്ള ആയിരിക്കും. ഇതിൽ എന്റെ കർത്തവ്യം പൂർണമായി ഏറ്റെടുത്തിരിക്കുന്നത് നീത പിള്ള അവതരിപ്പിക്കുന്ന വിൻസി എബ്രഹാം മാത്തൻ ഐ.പി.എസ് ആണ്,’ സുരേഷ് ഗോപി പറഞ്ഞു.

നൈല ഉഷ, ജോഷി, ഗോകുൽ സുരേഷ് എന്നിവരാണ് ഈ പരിപാടിയിൽ പങ്കെടുത്ത മറ്റു താരങ്ങൾ. മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്.

കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

Content Highlight: Suresh Gopi says that  Neeta Pillai will be the Lady Suresh Gopi in Paappan

We use cookies to give you the best possible experience. Learn more