ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന പല സിനിമകളും സൂപ്പര്‍ ഹിറ്റുകളായി മാറാറുണ്ട്. ഈ കൂട്ടുകെട്ടില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം സലാം കാശ്മീര്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാപ്പന്.
ജോഷി സംവിധാനം ചെയ്യുന്ന പാപ്പനില്‍ പോലീസ് വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. പാപ്പന് തിയേറ്ററുകളില്‍ എത്താനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
ജോഷി പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയില്‍ ഒരു റോള്‍ ചെയ്യാന്‍ തന്നെ വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊറിഞ്ചു മറിയത്തെ ജോസ് എന്ന സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഇലക്ഷന് കാരണം അഭിനയിക്കാന്‍ പറ്റിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
‘സലാം കാശ്മീര്‍ ആണ് ജോഷിയേട്ടനൊപ്പം ചെയ്ത ലാസ്റ്റ് പടം. തൃശൂര്‍ ഇലക്ഷന് നോമിനേഷന് കൊടുത്ത ദിവസം എന്നെ വിളിച്ച് പറഞ്ഞു; നീ അവിടെ വര്‍ക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആള്‍ക്കാര്‍ക്ക് നിന്നെ അറിയാമെന്ന്. നീ പൊറിഞ്ചു മറിയത്തില്‍ വന്ന് അഭിനയിക്കണമെന്ന് പറഞ്ഞു.
എനിക്ക് പോകാന്‍ പറ്റില്ലായിരുന്നു. കാരണം ഇലക്ഷന് സമയത്ത് അവിടെ നില്ക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ്. ഞാന്‍ ഇത് ഏറ്റെടുത്തു. എത്തില്ലായിരുന്നെങ്കില് ഞാന്‍ വരുമായിരുന്നെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതൊന്നും ശരിയാകില്ല, നീ മര്യാദക്ക് വന്ന് അഭിനയിച്ചോളണം എന്ന് പറഞ്ഞു. ആകെ പാടെ കുഴപ്പമാവും, ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.
ആ സമയത്ത് തന്നെ അടൂര്‍ സാറും ഒരു സിനിമക്ക് വേണ്ടി വിളിച്ചിരുന്നു. അഞ്ച് ദിവസം മതിയെന്നായിരുന്നു പറഞ്ഞത്. പക്ഷെ അതിലും അഭിനയിക്കാന്‍ സാധിച്ചില്ല,’ സുരേഷ് ഗോപി പറഞ്ഞു.
മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.
Content Highlight: Suresh Gopi says that Joshi sir called him to play a role in Poinju Mariam Jose