|

അന്ന് ഞാന്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, ഒരു പക്ഷെ മഞ്ജുവിനേക്കാള്‍ സ്‌കോര്‍ ചെയ്യുന്ന ഒരു ഡാന്‍സറായി ഞാന്‍ മാറിയേനെ: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു പ്രണയവര്‍ണങ്ങള്‍. ഈ ചിത്രത്തിലെ കണ്ണാടി കൂടും കൂട്ടി എന്ന ഗാനം പലര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ആ പാട്ടിലെ സുരേഷ് ഗോപിയുടെ ഡാന്‍സിന് ധാരാളം ട്രോളുകള്‍ വന്നിരുന്നു.

ആ പാട്ടിലെ ഡാന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. കൗമുദി മൂവീസിന്റെ നല്‍കിയ ആഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്നായി പ്രാക്ടീസ് ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ മഞ്ജുവിനേക്കാള്‍ സ്‌കോര്‍ ചെയ്യുന്ന ഒരു ഡാന്‍സറായി ഞാന്‍ മാറിയേനെ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

‘നമുക്ക് ജീവിതത്തില്‍ അതിരുകളില്ലാത്ത ആഗ്രഹങ്ങളുണ്ടാകും. നേടിയെടുക്കാന്‍ വേണ്ടി ശ്രമിക്കുന്നതും ശ്രമിക്കാത്തതുമായ ആഗ്രഹങ്ങളുണ്ടാകും. കണ്ണാടി കൂടും കൂട്ടി എന്ന സോങ് കല മാസ്റ്ററിന്റെ വീട്ടിലൊക്കെ പോയി മനസ് വെച്ച് ഇളകി മറഞ്ഞിരുന്നുവെങ്കില്‍ അതില്‍ ഒരു പക്ഷെ, മഞ്ജുവിനേക്കാള്‍ സ്‌കോര്‍ ചെയ്യുന്ന ഒരു ഡാന്‍സറായി ഞാന്‍ മാറിയേനെ. പക്ഷെ അതിലുള്ള കുഴപ്പമെന്താണെന്ന് വെച്ചാല്‍ ഫൈറ്റ് ചെയ്തതിന്റെ നടുവേദന ഇത്രയും കാലമായി മാറിയിട്ടില്ല.

ഇനി ഡാന്‍സും കൂടെ ചെയ്തിരുന്നുവെങ്കില്‍ ഡാന്‍സും ഫൈറ്റുമുള്ള സിനിമയായി പലതും മാറിയേനെ. പത്ത് പേരുടെ മുന്നില്‍ ഡാന്‍സ് കളിക്കാന്‍ പറ്റാത്തത്തിന്റെ പ്രശ്‌നം ഞാന്‍ എന്റെ പേഴ്‌സണല്‍ സ്‌പേസില്‍ തീര്‍ക്കും. പാട്ടൊക്കെ വെച്ച് ഡാന്‍സ് ചെയ്യും,’ സുരേഷ് ഗോപി പറഞ്ഞു.

ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന പാപ്പന്‍ സിനിമയുടെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. പാപ്പനില്‍ പോലീസ് വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. പാപ്പന്‍ തിയേറ്ററുകളില്‍ എത്താനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ ഷാനാണ്. ജൂലൈ 29നാണ് ചിത്രം തിയേറ്റുകളില്‍ എത്തുന്നത്.

Content Highlight: Suresh Gopi says that If I had done that, then i might have become a dancer who scored better than Manju Warrier