സിനിമ കരിയറില്‍ ഒരുപാട് പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് സുരേഷ് ഗോപി. ആ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ ഹിറ്റുകളുമായിരുന്നു. സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ആരാധകരേറെയാണ്.
താന്‍ ചെയ്യുന്ന പൊലീസ് വേഷങ്ങള്‍ കാണികള്‍ക്ക് പ്രിയപ്പെട്ടതാകാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. താന്‍ ഒരു ഐ.പി.എസുകാരനായാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്പോഴാണ് സിനിമയില്‍ ഒരു പൊലീസുകാരന്‍ സൂപ്പറാകുന്നതെന്നും താന്‍ ഒരു ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിക്കുമായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘എന്റെ പൊലീസ് വേഷങ്ങള്‍ക്ക് പ്രേക്ഷകരില്‍ ഇത്രയും സ്വാധീനമുണ്ടാകാനുള്ള കാരണം, മേക്കപ്പ് ഒക്കെ കഴിഞ്ഞിട്ട് പൊലീസ് ഡ്രസ് ഇടാമെന്ന് പറയുമ്പോള്‍ തന്നെ എനിക്ക് വീറുകയറും എന്നതാണ്.
അച്ഛന് എന്നെ ഒരു ഐ.പി.എസുകാരനായി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛന്‍ വിഷമിക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്, അച്ഛന് ഒരു പൊലീസ് അല്ലാലോ ഒരു പിടി പൊലീസുകാരെയല്ലേ ഞാന്‍ തന്നതെന്ന്. അതെല്ലാം ഐ. പി. എസുകാരും. ഞാന്‍ പൊലീസ് വേഷം ധരിക്കുകയായിരുന്നില്ല. ആ വേഷം എന്നെ കൊണ്ട് നടക്കുകയായിരുന്നു.
ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് സത്യസന്ധമായി ചെയ്യുമ്പോഴാണ് സിനിമയില്‍ ഒരു പൊലീസുകാരന്‍ സൂപ്പറാകുന്നത്. കാര്യങ്ങളെ കുറിച്ച് സംസാരിക്കണം, ഫലമുണ്ടാക്കി കൊടുക്കണം.
ഞാന്‍ ഒരു ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ രാജ്യത്തെ പ്രധാനമന്ത്രിയെ മറന്ന്, മുഖ്യമന്ത്രിയെ മറന്ന് മറ്റു തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ആളുകളെയും മറന്ന് കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും തല അടിച്ചു പൊളിച്ചേനെ,’ സുരേഷ് ഗോപി പറഞ്ഞു.
വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പന്‍. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്.
ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവര്‍ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Suresh Gopi says that If he were an I P S officer, he would have beheaded all the officers who attacked people in the name of K Rail