| Sunday, 31st July 2022, 3:38 pm

ഞാന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ ശബരിമല സമര യോദ്ധാക്കളെ ഉപദ്രവിച്ച ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് സുരേഷ് ഗോപി. താന്‍ റിയല്‍ ലൈഫില്‍ ഒരു പൊലീസ് ഓഫീസറായിരുന്നുവെങ്കില്‍ എന്തൊക്കെ ചെയ്യുമെന്ന് പറയുകയാണ് അദ്ദേഹമിപ്പോള്‍.

അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ലെന്നും താന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയല്‍ ലൈഫില്‍ സുരേഷ് ഗോപി ഒരു പോലീസുകാരനായിരുന്നുവെങ്കില്‍ എന്തൊക്കെയാവും ചെയ്യുക എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ല. അവരൊന്നും ഒരു കല്ലെറിയുകയോ കുപ്പികഷ്ണമെടുത്ത് എറിയുകയോ ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കില്‍ ശരണമന്ത്രം ഓതി നടന്നവരെയാണ് ഉപദ്രവിച്ചത്. ഗാന്ധിയന്‍ മോഡലിലായിരുന്നു അവരുടെ സമരം. ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ.

ജനാധിപത്യത്തില്‍ പൊലീസ് ആധിപത്യം എന്നില്ല, മുഖ്യമന്ത്രി ആധിപത്യം എന്നില്ല. പ്രധാനമന്ത്രി ആധിപത്യം എന്നില്ല. ജനാധിപത്യമാണെങ്കില്‍ ജനമാണ് ആദ്യത്തെ വാക്ക്.

ശബരിമലയുടെ കാര്യത്തില്‍ അത് ഭക്തരുടെ മാത്രം സമരമായിരുന്നു. അവരുടെ അലമുറയിട്ടുള്ള വിളിയായിരുന്നു. അതിനെ അടിച്ചൊതുക്കി,’ സുരേഷ് ഗോപി പറഞ്ഞു.

വലിയൊരു ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പന്‍ റിലീസായിരിക്കുകയാണ്. പൊലീസ് വേഷത്തിലാണ് അദ്ദേഹം പാപ്പനിലെത്തിയത്.

ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവര്‍ ചിത്രത്തിലഭിനയിച്ച മറ്റു താരങ്ങളാണ്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Suresh Gopi says that if he were a superior officer, he would have beaten up all those policemen who harassed Shabarimala warriors

We use cookies to give you the best possible experience. Learn more