ഭക്ഷണത്തോട് തനിക്കെന്നും ആദരവാണെന്ന് സുരേഷ് ഗോപി. ഭക്ഷണം മുമ്പില്‍ വെച്ചാല്‍ പിന്നെ അതാണ് രാജാവെന്നും ഒരു മണി പോലും താഴെ വീഴ്ത്താതെ ഭക്ഷണത്തെ ബഹുമാനിക്കണമെന്ന് സ്‌കൂളില്‍ വെച്ച് തന്നെ പഠിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഭക്ഷണം പാഴാക്കരുതെന്ന വൈകാരികത തനിക്ക് കിട്ടിയത് അപ്പൂപ്പനില്‍ നിന്നുമാണെന്നും മൂവി ഓണ്‍ മൈന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞു.
‘ഭക്ഷണത്തിന്റെ പ്രാധാന്യവും ഭക്ഷണത്തിന്റെ പെരുമയും മഹിമയും ആദരവും എന്താണെന്ന് സ്‌കൂളില്‍ വെച്ചേ പഠിച്ചിട്ടുണ്ട്. ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്. ഭക്ഷണം മുമ്പില്‍ കൊണ്ടുവെച്ചാല്‍ ഏത് ജാതിയാണെങ്കിലും കുരിശ് വരച്ച് 13 പ്രാവശ്യം പ്രാര്‍ത്ഥന ചൊല്ലിയാണ് അവസാനിപ്പിക്കുന്നത്.
ഭക്ഷണം കഴിക്കാന്‍ ഇരുന്ന് വിളമ്പി കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമാണ് രാജാവെന്ന് നമ്മുടെ സംസ്‌കാരത്തില്‍ പറയും. അതാണ് നിന്നെ ജീവനോടെ നിലനിര്‍ത്തുന്നത്. നിന്റെ നാട്ടുരാജാവല്ല. രാജാവ് വന്നാലും ഭക്ഷണത്തിന്റെ മുമ്പില്‍ നിന്നും എഴുന്നേല്‍ക്കരുത്. ഭക്ഷണത്തിന്റെ മുമ്പില്‍ ചലപില വര്‍ത്തമാനം പറയരുത്. ഭക്ഷണത്തിലായിരിക്കണം ശ്രദ്ധ. ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണു പോവരുത്. ഞാന്‍ മാക്‌സിമം അതൊക്കെ നോക്കും. ഒരു അരിമണി പോലും പാഴാക്കരുതെന്ന വൈകാരികത കിട്ടിയത് അപ്പൂപ്പനില്‍ നിന്നുമാണ്,’ സുരേഷ് ഗോപി പറഞ്ഞു.
മേ ഹൂം മൂസയാണ് ഒടുവില്‍ പുറത്ത് വന്ന സുരേഷ് ഗോപി ചിത്രം. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്യിതിരിക്കുന്നത് ജിബു ജേക്കബാണ്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് സുരേഷ് ഗോപിയുടേതായി പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. കോസ്‌മോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ഒക്‌ടോബറില്‍ ഷൂട്ട് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
Content Highlight: Suresh Gopi says that he always had respects food