റാഫി മെക്കര്‍ട്ടിന്റെ സംവിധാനത്തില്‍ 2000ത്തില്‍ പുറത്തുവന്ന ഹിറ്റ് ചിത്രമായിരുന്നു തെങ്കാശി പട്ടണം. ചിത്രത്തിലെ സുരേഷ് ഗോപിയുടെയും ലാലിന്റെയും പ്രകടനം മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നതാണ്.
മികച്ച ഗാനങ്ങള്‍ കൊണ്ടും സമ്പന്നമായ ചിത്രത്തില്‍ അഭിനയിച്ചത് ഒടിഞ്ഞ കാല് വെച്ചാണ് എന്ന് പറയുകയാണ് സുരേഷ് ഗോപി. ജോഷിയുമായി ഒന്നിച്ച തന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എഫ്.റ്റി.ക്വു വിത്ത് രേഖ മേനോന്‍ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
തില്ലാന തില്ലനാ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഉണ്ടായ അപകടം മൂലം കാല്‍ ഓടിഞ്ഞെന്നും ആ കാല്‍ വെച്ചാണ് തെങ്കാശി പട്ടണത്തിലെ ഗാനങ്ങളും ഫൈറ്റും അഭിനയിച്ചത് എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
‘തില്ലാനാ തില്ലാനയിലെ ചിത്രീകരണ സമയത്ത് അപകടം പറ്റി എന്റെ കാലിന്റെ ആംഗിള്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയായിരുന്നു. ആ കാലുവെച്ചാണ് തെങ്കാശി പട്ടണത്തിലെ രണ്ട് സോങ്ങും ഫൈറ്റും ഒക്കെ ചെയ്തത്,’ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തുവന്ന പാപ്പന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യ ദിവസം കേരളത്തില്‍ നിന്ന് മാത്രം മൂന്ന് കോടിയിലധികം രൂപയാണ് നേടിയത്. വ്യത്യസ്തമായ ത്രില്ലര്‍ സ്വാഭാവത്തിലുള്ള ചിത്രമായിട്ടാണ് പാപ്പന്‍ എത്തിയത്.
പത്ത് വര്‍ഷത്തിന് ശേഷമാണ് സുരേഷ് ഗോപി പൊലീസ് കഥാപാത്രമായി ഒരു ചിത്രത്തിലെത്തുന്നത്. ഗോകുല്‍ സുരേഷും പാപ്പനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നൈല ഉഷ, കനിഹ, നിത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.