| Sunday, 22nd November 2020, 1:38 pm

'അമ്മ ഇപ്രാവശ്യമെങ്കിലും യോഗ്യമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്'; ബിനീഷ് വിഷയത്തില്‍ സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എടുത്ത് ചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി.

”എന്റെ സംഘടന എന്നു പറയുന്നത് ഇപ്രാവശ്യമെങ്കിലും യോഗ്യമായ തീരുമാനമെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. എപ്പോഴും Suspicion will amount to suspension and conviction will amount to eviction ( സംശയം സസ്‌പെന്‍ഷനിലേക്കും കുറ്റംതെളിയക്കപ്പെട്ടാല്‍ പുറത്താക്കലിലേക്കുമാണ് നയിക്കുക).

ആ അടിസ്ഥാന വരി അവരൊന്ന് മനസിലാക്കണം. അന്വേഷണത്തിനകത്ത് തീരുമാനം വരട്ടെ. എടുത്ത് ചാടി നമ്മള്‍ ഇതിന് മുന്‍പും തീരുമാനം എടുത്തില്ലേ അത് തിരുത്തേണ്ടിയും വന്നില്ലേ. അതിനെ ചൊല്ലി ഒരുപാട് വിവാദങ്ങള്‍ ഉണ്ടായില്ലേ.

ഒരു രാഷ്ട്രീയ സംഘടനയല്ലല്ലോ അമ്മ. ആരെയും നമ്മള്‍ കുറ്റവാളിയെന്ന് തീരുമാനിക്കേണ്ട. അതിന് നിയമം ഉണ്ട്. അതവര്‍ തീരുമാനിക്കട്ടെ. അതിന് ശേഷം സംഘടനയക്ക് തീരുമാനിക്കാം. അതാണ് എന്റെ പക്ഷം”, സുരേഷ് ഗോപി പറഞ്ഞു.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചിരുന്നു. നടന്‍ ഇടവേള ബാബുവിന്റെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ രാജിക്കത്തു നല്‍കിയ നടി പാര്‍വതി
തിരുവോത്തിന്റെ രാജി സ്വീകരിക്കാനും പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.

ബിനീഷിനെ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നതിനു പിന്നാലെ രൂക്ഷമായ വാക്കേറ്റമാണു യോഗത്തിലുണ്ടായത്.
നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ ബിനീഷ് കോടിയേരിയെ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

നടിമാരായ ഹണി റോസ്, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും ഇതേ നിലപാടാണു സ്വീകരിച്ചത്. എന്നാല്‍ എം.എല്‍.എമാരായ മുകേഷ്, ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ തിടുക്കപ്പെട്ട് നടപടി വേണ്ട എന്ന നിലപാടെടുത്തു. ഇതോടെയാണു വാക്കുതര്‍ക്കത്തിലേക്കു കാര്യങ്ങള്‍ നീങ്ങിയത്.
2009 മുതല്‍ ബിനീഷ് കോടിയേരി അമ്മയുടെ ആജീവനാന്ത അംഗത്വം എടുത്തിട്ടുണ്ട്.

നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ സംഘടനയില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നെന്നും രണ്ടു പേര്‍ക്കു രണ്ടു നീതി പാടില്ലെന്നും നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു. ആരോപണ വിധേയനെ സംഘടനയില്‍ വച്ചുകൊണ്ടിരിക്കുന്നതു ശരിയല്ലെന്നാണു സിദ്ദിഖ് വ്യക്തമാക്കിയത്.

ഇതിനെ മുകേഷും മറ്റും എതിര്‍ത്തതോടെയാണു വാക്പോരിലേക്കു കാര്യങ്ങള്‍ പോയത്. അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കേട്ട മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ തിടുക്കപ്പെട്ടുള്ള നടപടി ഒഴിവാക്കാമെന്നും വിശദീകരണം ചോദിക്കാം എന്നുമുള്ള നിലപാടില്‍ എത്തിച്ചേരുകയായിരുന്നു.

അതേസമയം നടി പാര്‍വതിയുടെ രാജി സ്വീകരിക്കാനും യോഗം തീരുമാനിച്ചിരുന്നു.അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 12 നാണ് പാര്‍വതി സംഘടനയില്‍ നിന്ന് രാജിവെച്ചത്.

നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.

അമ്മയുടെ ദിലീപ് മുന്‍പ് നിര്‍മ്മിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വന്റി ട്വന്റിയില്‍ പ്രധാന കഥാപാത്രമായി ഭാവനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഭാവനയുണ്ടാകില്ലെന്നും അംഗത്വമില്ലാത്തതാണ് ഇതിന് കാരണമെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.ഇതിനെതിരെ ശക്തമായ പ്രതികരണവുമായി പാര്‍വതി രംഗത്തെത്തിയിരുന്നു.

‘ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ങൃ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്’, പാര്‍വതി പറഞ്ഞു.

നേരത്തെ സംഘടനയില്‍ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജിവെച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suresh Gopi says no need to suspend Bineesh Kodiyeri from Amma

We use cookies to give you the best possible experience. Learn more