| Sunday, 28th March 2021, 8:08 pm

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരില്‍ ലീഗിന്റെ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്ന് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂര്‍ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്ന് നടനും തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ന്യൂസ് 18 ചാനലിലെ ഗ്രൗണ്ട് റിപ്പോര്‍ട്ട് എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം നോട്ടയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നോട്ടയ്ക്കല്ല ചെയ്യേണ്ടതെന്നാണ് അഭിപ്രായം എങ്കില്‍ കൃത്യമായി പറയാം ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നാണ് ആഗ്രഹം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നിവേദിതയുടെ പത്രിക തള്ളിപ്പോയ ഗുരുവായൂരില്‍ ബി.ജെ.പി, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ് .ജെ.പി) സ്ഥാനാര്‍ത്ഥി ദിലീപ് നായര്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് കെ.എന്‍.എ ഖാദറെ വിജയിപ്പിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടും രക്ഷയില്ലാതായതോടെയാണ് ബി.ജെ.പി ഡി.എസ് .ജെ.പിക്ക് പിന്തുണ നല്‍കാന്‍ തീരുമാനമായത്.

‘ദാരിദ്ര്യത്തിന് ജാതിയില്ല’ എന്ന മുദ്രാവാക്യവുമായി മണ്ഡലത്തില്‍ മത്സരിക്കുന്ന ഡി.എസ്.ജെ.പിയുടെ സംസ്ഥാന സംസ്ഥാന ട്രഷറര്‍ ദിലീപ് നായര്‍ തന്നെയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.

നേരത്തെ എന്‍.ഡി.എ സഖ്യ കക്ഷിയാവാന്‍ ഡി.എസ്.ജെ.പി ശ്രമിച്ചിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സമ്മതമാണെന്ന് ഡി.എസ്.ജെ.പി എന്‍.ഡി.എയെ അറിയിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഒപ്പ് രേഖപ്പെടുത്താത്ത സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suresh Gopi says KNA Khader should win at Guruvayur Constituency were BJP has no candidate

We use cookies to give you the best possible experience. Learn more