സ്റ്റൈലിഷ് ആക്ഷന്‍ പൊലീസ് വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാളസിനിമയെ ത്രസിപ്പിച്ച നായകനായിരുന്നു സുരേഷ് ഗോപി. സൂപ്പര്‍സ്റ്റാര്‍ഡം നിറഞ്ഞുനിന്ന, തീര്‍ത്തും അണ്‍റിയലിസ്റ്റിക്കായ പൊലീസ് വേഷങ്ങളും അവരുടെ ഡയലോഗുകളും പക്ഷെ ഇന്നും ആളുകള്‍ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്.
കമ്മീഷണര്‍, ഏകലവ്യന്‍ പോലുള്ള സിനിമകളില്‍ സുരേഷ് ഗോപി ഇത്തരം ‘ആംഗ്രി യങ് മാന്‍’ പൊലീസുകാരനായെത്തിയെങ്കിലും മമ്മൂട്ടി ചിത്രം മനു അങ്കിളിലെ അദ്ദേഹത്തിന്റെ ‘മിന്നല്‍ പ്രതാപന്‍’ എന്ന അതിഥി വേഷം ആളുകളില്‍ ചിരിയുണര്‍ത്തുന്ന ഒന്നാണ്.
തന്റെ കരിയറിന്റെ തുടക്കകാലത്ത് സുരേഷ് ഗോപി ചെയ്ത ഈ കോമഡി പൊലീസ് കഥാപാത്രം അദ്ദേഹത്തിന്റെ തന്നെ പിന്നീടുവന്ന പൊലീസ് വേഷങ്ങളെ വെച്ച് നോക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. മനു അങ്കിളിലെ മിന്നല്‍ പ്രതാപനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍.
തന്റെ ഏറ്റവും പുതിയ ചിത്രമായ പാപ്പന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയുടെ അതുവരെ കണ്ടുവന്ന പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നല്ലോ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രം എന്ന അവതാരകന്റെ കമന്റിനാണ് താരം മറുപടി പറയുന്നത്.
”അങ്ങനെ പറയരുത്. കാരണം ഞാന്‍ അതിന് മുമ്പ് പൊലീസ് വേഷങ്ങള്‍ കൂടുതല്‍ ചെയ്തിട്ടില്ല. യാഗാഗ്നി പോലും ഇത് കഴിഞ്ഞിട്ടാണ് എന്നാണ് തോന്നുന്നത്. പി.സി. 369 എന്ന സിനിമയില്‍ കള്ളനായാണ് അഭിനയിച്ചത്. അത് മനു അങ്കിളിന് മുമ്പാണ്.
മനു അങ്കിളില്‍ അഭിനയിക്കുമ്പോള്‍ ഓഡിയന്‍സ് എനിക്ക് അങ്ങനെയൊരു ലിമിറ്റ് വെച്ചിട്ടില്ല. ആ സുരേഷ് ഗോപി, പുതുതായി വരുന്ന ഒരു പയ്യന്‍, അയാള് പല റോളും ചെയ്യുന്നു, ആ കൂട്ടത്തില്‍ മിന്നല്‍ പ്രതാപനെയും ചെയ്തു- എന്നേ ഉണ്ടായിരുന്നുള്ളൂ.
ഒരുപക്ഷേ കമ്മീഷണര്‍ സിനിമ ചെയ്ത് കഴിഞ്ഞാണ് ഞാന്‍ മനു അങ്കിള്‍ ചെയ്തിരുന്നതെങ്കില്‍ അതിന്റെ അപകടത്തിന്റെ തോത് എത്രയായിരിക്കുമെന്ന് എനിക്ക് ഇപ്പോള്‍ ഭയപ്പാടോട് കൂടി മാത്രമേ കണക്കുകൂട്ടാന്‍ പറ്റുകയുള്ളൂ.
അത് ചെയ്യാന്‍ പറ്റുമായിരുന്നോ എന്ന് പോലും അറിയത്തില്ല,” സുരേഷ് ഗോപി പറഞ്ഞു.
ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ പാപ്പന്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പനുണ്ട്.
ആക്ഷന്‍ ത്രില്ലറായെത്തിയ ചിത്രത്തില്‍ നൈല ഉഷ, നിത പിള്ള, ഷമ്മി തിലകന്‍, വിജയ രാഘവന്‍, സജിത മഠത്തില്‍, ആശ ശരത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
Content Highlight: Suresh Gopi says he couldn’t have done the character Minnal Prathapan in Manu Uncle if it was after the movie Commissioner