മികച്ച സിനിമകള്‍ മാത്രം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ശ്രമിക്കുന്ന പ്രൊഡക്ഷന്‍ ഹൗസാണ് മമ്മൂട്ടിക്കമ്പനി. വിവിധ ഴോണറുകളില്‍ പ്രേക്ഷകന് മികച്ച സിനിമാനുഭവം നല്‍കുന്നതില്‍ മമ്മൂട്ടിക്കമ്പനി എന്നും വിജയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ടര്‍ബോയും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 70 കോടിയിലധികം കളക്ട് ചെയ്തു കഴിഞ്ഞു.
മമ്മൂട്ടിക്കമ്പനിയുടെ അടുത്ത പ്രോജക്ടില്‍ താനും ഭാഗമാകുമെന്ന് അറിയിച്ചിരിക്കുകയാണ് നടനും തൃശ്ശൂര്‍ എം.പിയുമായ സുരേഷ് ഗോപി. കഴിഞ്ഞ മാസമാണ് തന്നെ ആ സിനിമക്കായി വിളിച്ചതെന്നും റിസള്‍ട്ടിന്റെ തലേദിവസം ഒന്നുകൂടി വിളിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാനെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ജോഷിയുടെ സംവിധാനത്തില്‍ 1996ല്‍ പുറത്തിറങ്ങിയ ധ്രുവത്തില്‍ ഇരുവരും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലെത്തിയിരുന്നു. നരസിംഹ മന്നാഡിയാറായി മമ്മൂട്ടിയും, ഇന്‍സ്‌പെക്ടര്‍ ജോസ് നരിമാനായി സുരേഷ് ഗോപിയും എത്തിയ ചിത്രം വന്‍ വിജയം നേടിയിരുന്നു. ഇരുവരും മറ്റൊരു സിനിമയില്‍ ഒന്നിക്കുമ്പോള്‍ ധ്രുവം പോലൊരു സിനിമയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം ഇരുവരും ഒന്നിക്കുന്നത് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് വേണ്ടിയാണെന്നും അഭ്യൂഹങ്ങളുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരൊന്നിക്കുന്ന ചിത്രം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്നുവെന്ന റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ടര്‍ബോയുടെ ലൊക്കേഷനില്‍ ഫഹദും, മഹേഷ് നാരായണനും മമ്മൂട്ടിയുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ഈ ചിത്രത്തിലേക്കാണ് സുരേഷ് ഗോപിയും ഭാഗമാകുന്നതെന്നാണ് ചില റൂമറുകള്‍.
Content Highlight: Suresh Gopi saying that he will be the part of Mammootty Kampany’s next project