| Saturday, 30th July 2022, 11:57 pm

മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്ര അപകടം എന്റെ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ഇല്ല: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷി-സുരേഷ് ഗോപി കൂട്ടികെട്ടിലെത്തിയ പാപ്പന്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്രൈം ത്രില്ലറായി എത്തിയ ചിത്രത്തില്‍ നിത പിള്ള, ഗോകുല്‍ സുരേഷ്, ടിനി ടോം, നന്ദു, ആശാ ശരത്, ഷമ്മി തിലകന്‍ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നത്.

സുരേഷ് ഗോപിയും ഗോകുലും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പാപ്പന്‍. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന അപകടത്തിന്റെ ഭാരം തന്റെ മകന്‍ അഭിനയിക്കുമ്പോള്‍ ഇല്ലെന്ന് പറയുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി.

‘യേശുദാസിന്റെ മകന്‍ പാടുമ്പോള്‍ അല്ലെങ്കില്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ചിരഞ്ജീവിയുടെയോ രജനികാന്തിന്റെയോ അമിതാഭ്ബച്ചന്റെയോ ഒക്കെ മക്കള്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്രയും വലിയ അപകടം സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്ന കല്ല് ഞാന്‍ അവന്റെ തലയില്‍ എടുത്ത് വെച്ചിട്ടില്ല.

ഗോകുലിന്റെ സിനിമകളൊന്നും ഞാന്‍ കാണാറില്ലായിരുന്നു. ഇര വന്നപ്പോള്‍ രാധിക എന്നോട് പറഞ്ഞു, ഏട്ടന്‍ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദന്‍ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛന്‍ വെല്ലോം പറഞ്ഞോന്ന്. അച്ഛന്‍ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്ന് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു.

ഏട്ടന്‍ അവന്റെ പടങ്ങള്‍ പോലും കാണുന്നില്ലെന്ന് അവന് പരാതിയുണ്ടെന്ന് രാധിക പറഞ്ഞു. അങ്ങനെ ഞാന്‍ ഏരിസ് ഫ്‌ളെക്‌സില്‍ പോയിരുന്ന് ഇര കണ്ടു. അവിടെ വെച്ച് എനിക്ക് കുറ്റബോധം തോന്നി. അവന്‍ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടന്‍ഷ്യല്‍ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണം.

ഗോകുല്‍ അങ്ങനെയൊരു ഫേസില്‍ നില്‍ക്കുകയാണ്. അവന് ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവന്‍ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാം,’ സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi sais that Saying ‘my son is acting’ is not as dangerous as when Mammootty’s or Mohanlal’s son is acting

We use cookies to give you the best possible experience. Learn more