| Wednesday, 23rd November 2022, 4:19 pm

മൂസയിലേക്ക് മറ്റൊരാളെ മതിയെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞു, സംവിധായകന്‍ പ്രൊഡ്യൂസറെ തന്നെ അങ്ങ് മാറ്റി: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിബു ജേക്കബിന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി നായകനായി പുറത്ത് വന്ന ചിത്രമാണ് മേ ഹൂം മൂസ. കഴിഞ്ഞ സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോക്ടര്‍ ജോയി സി.ജെയും തോമസ് തിരുവല്ലയും ചേര്‍ന്നാണ് നിര്‍മിച്ചത്. ചിത്രത്തിന്റെ ആദ്യ നിര്‍മാതാവ് മറ്റൊരാളെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച അനുഭവം പങ്കുവെക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി. ജിബു ജേക്കബും അഭിമുഖത്തില്‍ സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.

‘രാത്രി പത്ത് മണിക്കാണ് മൂസയുടെ കഥ പറയാന്‍ ജിബു വരുന്നത്. കഥ പറഞ്ഞ് 15 മിനിട്ടായപ്പോള്‍ നിര്‍ത്താന്‍ പറഞ്ഞു. എഴുതിയോ എന്ന് ചോദിച്ചപ്പോള്‍ എഴുതിയിട്ടുണ്ട്, സ്‌ക്രിപ്റ്റും കയ്യിലുണ്ട്. അത് വായിച്ചു തുടങ്ങാന്‍ പറഞ്ഞു.

കഥ മുഴുവന്‍ കേട്ടപ്പോള്‍ എന്തായാലും ചെയ്യാമെന്ന് പറഞ്ഞു. അന്ന് പ്രൊഡ്യൂസറുണ്ടായിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസറുമായി വന്നു. ഒരു ആറുവര്‍ഷം എന്നെ ചവിട്ടിത്തേച്ച കാലഘട്ടം ഉണ്ടായിരുന്നല്ലോ, അത് മനസില്‍ വെച്ച് വേറെ ആരെയോ ഇതിലേക്ക് കൊണ്ടുവരണം എന്ന് അദ്ദേഹം പറഞ്ഞു. ജിബുവിന് ഇതുപോലത്തെ അനുഭവം വെള്ളിമൂങ്ങയിലും ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് ജിബു പറഞ്ഞു. പിന്നെ അയാളെ ഒഴിവാക്കി, വേറെ ഒരാള്‍ വന്നു,’ സുരേഷ് ഗോപി പറഞ്ഞു.

പിന്നീട്‌ നിര്‍മാതാവാകാന്‍ തോമസ് തിരുവല്ലയെ സമീപിച്ചത് ജിബു ജേക്കബും പങ്കുവെച്ചു. ‘തോമസേട്ടനോട് കഥ കേട്ടിട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. കാരണം ഇത് കുറച്ച് ബജറ്റ് കൂടുതലുള്ള സിനിമയാണ്. തോമസേട്ടന്‍ ആ സമയത്ത് തന്നെ വേറെ കുറച്ച് സിനിമകള്‍ കൂടി ചെയ്യുന്നുണ്ട്.

സ്‌ക്രിപ്റ്റ് വായിച്ച് പകുതിയായപ്പോള്‍ അദ്ദേഹം നിര്‍ത്താന്‍ പറഞ്ഞു. എനിക്കിഷ്ടമായി ബാക്കി കഥയായി തന്നെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. കഥ മുഴുവനും കേട്ടിട്ട് നമുക്ക് സിനിമ ചെയ്യാം, പക്ഷേ വേറെ ആരോടും പറയരുത്, ഭാര്യയോട് ഒന്ന് ചോദിക്കണമെന്ന് തോമസേട്ടന്‍ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തോമസേട്ടന്‍ വിളിച്ചിട്ട്, ഞാന്‍ ഭാര്യയോട് പറയുന്നില്ല, കാരണം ഇത്രയും ബജറ്റ് ആണെന്നറിഞ്ഞാല്‍ അവള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞു,’ ജിബു പറഞ്ഞു.

അതേസമയം മേ ഹൂം മൂസക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സുരേഷ് ഗോപിക്ക് പുറമേ ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് സുരേഷ് ഗോപിയുടേതായി പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ ഷൂട്ട് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്.

Content Highlight: Suresh Gopi said that the first producer of the moosa tried to bring someone else into the film

We use cookies to give you the best possible experience. Learn more