സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ എന്ന് സുരേഷ് ഗോപി. നിരീശ്വര വാദികളോട് അനാദരവില്ലെന്നും ശബരിമലയിലെ ശല്യക്കാരെയും എന്റെ മതത്തിന് എതിരെ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും ഉദ്ദേശിച്ചാണ് പ്രസംഗത്തില്‍ സംസാരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുരേഷ് ഗോപി പറഞ്ഞു.
‘അടുത്തിടെ നടത്തിയ എന്റെ പ്രസംഗത്തില്‍ നിന്നുമുള്ള ഒരു വീഡിയോ ക്ലിപ് പ്രചരിക്കുന്നത് കണ്ടു. എന്നാല്‍ അത് എഡിറ്റ് ചെയ്തതാണ്. ഈ പ്രശ്‌നത്തെ പറ്റി അറിഞ്ഞയുടനെ അതിനെ പറ്റി പ്രതികരിക്കണമെന്ന് തോന്നി.
അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണവും ചിന്തനീയവുമായ ചിന്തകളെ ഞാന്‍ അനാദരിക്കുന്നില്ല, അത് ഞാന്‍ ഒരിക്കലും ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ ആഗ്രഹം നടത്താനായി ആ പ്രസംഗത്തെ കഷണങ്ങളാക്കി മുറിച്ചു.
ഭരണഘനടാപരമായി അനുവദിക്കപ്പെട്ടിട്ടുള്ള എന്റെ മതത്തിന്റെ ആചാരങ്ങള്‍ നടത്തുന്നതിന് തടസം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പറ്റിയാണ് ഞാന്‍ പറഞ്ഞത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും.
ശബരിമലയിലെ വന്ന ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയുമാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ഒരാളെയും അനുവദിക്കരുത്, ഞാന്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ എനിക്ക് അതില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളില്ലായിരുന്നു. അങ്ങനെ ഒരിക്കലും ചെയ്യില്ല,’ സുരേഷ് ഗോപി പറഞ്ഞു.
Content Highlight: Suresh Gopi said that the edited video of him is circulating on social media