| Wednesday, 13th April 2022, 8:27 am

സുരേഷ് ഗോപിയുടെ 'വിഷുക്കൈ നീട്ടം'; തുക സ്വീകരിക്കുന്നതിന് മേല്‍ശാന്തിമാര്‍ക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷുദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം കൊടുത്തത് വിവാദമായതിന് പിന്നാലെ നടപടിയുമായി കൊച്ചിന്‍ ദേവസ്വം. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി.

വടക്കുന്നാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയതിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്.

ഈ തുകയില്‍നിന്ന് മേല്‍ശാന്തി ആര്‍ക്കും കൈനീട്ടം നല്‍കിയിട്ടില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നുണ്ടെങ്കിലും കിട്ടിയ പലരും ഉണ്ടെന്നാണ് വിവരം.

പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി വിഷുക്കൈനീട്ടനിധി നല്‍കിയിരുന്നു. ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ളതല്ല.

കൈനീട്ടനിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍നിന്ന് സംഖ്യ ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്നുമാത്രമാണുള്ളത്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ സുരേഷ് ഗോപി വിഷുക്കൈനീട്ട പരിപാടിയുമായി ജില്ലയിലുണ്ട്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കി. തുടര്‍ന്നാണ് അവര്‍ക്ക് കൈനീട്ടനിധി നല്‍കിയത്. ഈ നിധിയില്‍നിന്ന് കൈനീട്ടം കൊടുക്കുമ്പോള്‍ കുട്ടികളെ ഒഴിവാക്കരുതെന്ന അഭ്യര്‍ത്ഥനയും ഉണ്ടായിരുന്നു.

Content Highlights: Suresh gopi’s vishu kaineettam controversy

We use cookies to give you the best possible experience. Learn more