തിരുവനന്തപുരം: വിഷുകൈനീട്ടം നല്‍കിയ സംഭവത്തിലുയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി. തന്നെ വിമര്‍ശിക്കുന്നവര്‍ ദ്രോഹികളാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിമര്‍ശകരെ ആര് നോക്കുന്നു, അവരോട് പോകാന്‍ പറ. കൈനീട്ടം കൊടുക്കുമ്പോള്‍ ആരോടും തന്റെ കാലില്‍ തൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിര്‍ബന്ധപൂര്‍വം ചെയ്യാനും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ തെളിയിക്കാന്‍ വിമര്‍ശകര്‍ക്ക് വെല്ലുവിളിയുമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കാറിലിരുന്നുകൊണ്ട് സുരേഷ് ഗോപി വിഷുക്കൈനീട്ടം വിതരണം ചെയ്യുകയും വാങ്ങിക്കുന്നവര്‍ കാല്‍ വന്ദിക്കുന്നതിന്റേയും വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നാായിരുന്നു വിമര്‍ശനം. എന്നാല്‍, കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പമെന്നും ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സുരേഷ് ഗോപി വിഷു കൈനീട്ടം നല്‍കിയതിനെ എതിര്‍ക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് മനോനില തെറ്റിയവരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹം വിഷു കൈനീട്ടം നല്‍കിയത് നല്ല കാര്യമാണ്. മുതിര്‍ന്ന ആളുകളെ ബഹുമാനിക്കാന്‍ ചിലര്‍ കാലുതൊട്ടു വന്ദിച്ചെന്നു വരാം.
അതു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടേത് പാശ്ചാത്യ രാജ്യമൊന്നുമല്ലല്ലോ. അത് വലിയ അപരാധമായി കണക്കാക്കേണ്ടതില്ല. കൈനീട്ടം കൊടുക്കരുതെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡിന് എന്തധികാരമാണുള്ളതെന്ന് സുരേന്ദ്രന്‍ ന്യായീകരിച്ചിരുന്നു.
Content Highlights: Suresh Gopi’s statement in Vishukaineettam issue