തൃശൂര്‍: ഇലക്ഷന് ആര് എതിരെ വന്നാലും ജയിക്കുമെന്നും മുന്നിലുള്ളത് പ്രജകള്‍ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞതിനെ വിമര്‍ശിച്ച് സൈബര്‍ ലോകം. കെ. മുരളീധരന്‍ തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ വരുന്നതുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും ഭയമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
‘എന്റെ മുന്നിലുള്ളത് പ്രജകളാണ്, വോട്ടര്‍മാരാണ്, നാട്ടുകാരാണ്. അതുമാത്രമേ ഞാന്‍ കാണുന്നുള്ളൂ, നിങ്ങളുടെ ചോദ്യമെന്താണ് ഇങ്ങനെ വികൃതമായി പോകുന്നത്. ആരെ ഭയക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്? വല്ല പിശാചാണോ വരുന്നത്? ഒരു പോരാളി വരുന്നു, ഒരു മത്സരാര്‍ത്ഥി വരുന്നു. അത്രയേ ഉള്ളൂ,’ സുരേഷ് ഗോപി പറഞ്ഞു.
ഇതില്‍ ജനങ്ങളെ പ്രജകള്‍ എന്ന് അഭിസംബോധന ചെയ്തതാണ് സൈബര്‍ ലോകത്തെ ചൊടിപ്പിച്ചത്. പ്രജകള്‍ എന്ന് വിളിക്കാന്‍ ഇത് രാജഭരണകാലമല്ലെന്നും, രാജാവാണെന്ന ചിന്തയുണ്ടെങ്കില്‍ അത് മാറ്റിവെക്കണമെന്നും പറഞ്ഞുകൊണ്ട് നിരവധി ട്രോളുകള്‍ വന്നിരിക്കുകയാണ്.
ബാഹുബലിയില്‍ രാജാവ് കൊട്ടാരം വിട്ട് ജനങ്ങളോടൊപ്പം കഴിയാന്‍ ഇറങ്ങിവരുന്നു, കൊച്ചിരാജാവ് സിനിമയില്‍ ജഗതി, ‘രാജാവിന് വഴിയൊരുക്കെടാ എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രാജഭരണകാലം അവസാനിച്ചെന്നും ഇതിപ്പോള്‍ ജനാധിപത്യത്തിന്റെ കാലമാണെന്നും സുരേഷ് ഗോപിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കൂ എന്നുള്ള കമന്റുകളും ധാരാളമായി വരുന്നുണ്ട്.
അതേസമയം പ്രജകള്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജനങ്ങള്‍ എന്നാണെന്നും, സുരേഷ് ഗോപി ആ അര്‍ത്ഥത്തിലാണ് പറഞ്ഞതെന്നും ന്യായീകരിച്ചുകൊണ്ട് ബി.ജെ.പി ഐ.ടി സെല്ലും രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: Suresh Gopi’s statement becomes controversial and trolled by cyber world