ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാല് പിടിക്കാനും തയാറെന്ന് സുരേഷ് ഗോപി എം.പി. അച്ഛനെന്ന നിലയില്‍ ഇത്തരം കൊലപാതകങ്ങള്‍ക്കിരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടുനില്‍ക്കാനാവുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി നോതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
”ഒന്നും പറയാനില്ല. പറയാനുള്ളതെല്ലാം എത്ര സ്ഥലങ്ങളിലാ പോയി പറഞ്ഞത്. ഇനി ആരോടാ പറയേണ്ടത്.
ഇനി കാല് പിടിക്കണോ. തയാറാണ്. ഒരു പരിധിയും വെക്കാതെ ആരുടെയൊക്കെ കാല് പിടിക്കണം.
ഓരോ കൊലപാതങ്ങളും, അത് ഏത് മതമായാലും രാഷ്ട്രീയമായാലും ഇത് മൊത്തത്തില്‍ ഒരു പ്രദേശത്തിന്റെ സമാധാനം കെടുത്തുന്നത് വഴി രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെയാണ് ബാധിക്കുന്നത്. അതെങ്കിലും മനസിലാക്കൂ.
വളര്‍ന്നു വരുന്ന കുഞ്ഞുങ്ങളുടെ മനോനിലയെന്താണ്. ജീവന്‍ നഷ്ടപ്പെട്ട് പോയവരുടെ മക്കളായ കുഞ്ഞുങ്ങള്‍ മാത്രമല്ല. സമൂഹത്തിലെ കുഞ്ഞുങ്ങളുടെ മനസില്‍ ഇതൊരു കളങ്കമായി അവരെയൊരു മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴക്കുന്ന തരത്തിലുള്ള ഈ സമ്പ്രദായം എത്രത്തോളം രാജ്യദ്രോഹകരമാണ്,” സുരേഷ് ഗോപി പറഞ്ഞു.
ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്നാണ് ബി.ജെ.പി പക്ഷം പറയുന്നത്.
അതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം, ശനിയാഴ്ച രാത്രി എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണസംഘം പ്രതികളുടെ പിന്നാലെ തന്നെയുണ്ടെന്നും പറഞ്ഞ എ.ഡി.ജി.പി ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരം പുറത്തുവിടാനായിട്ടില്ലെന്നും അറിയിച്ചിരുന്നു.