| Friday, 5th April 2024, 5:48 pm

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹരജി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം എറണാകുളം എ.സി.ജെ.എം കോടതിയാണ് തള്ളിയത്.

വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് അദ്ദേഹത്തിനെതിരായ കേസ്. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കണമെന്ന് കോടതി അറിയിച്ചു.

കേരളത്തിലെ സിനിമാ താരങ്ങള്‍ സംസ്ഥാനത്ത് നിന്ന് വാഹനം വാങ്ങിയതിന് ശേഷം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ കൊണ്ടുപോയി കുറഞ്ഞ നികുതിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ കേരളത്തിന് വലിയ നികുതി നഷ്ടം ഉണ്ടായെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിലാണ് സുരേഷ് ഗോപിയും പ്രതിയായത്. അദ്ദേഹത്തിനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2010ലും 2016ലുമായി രണ്ട് ആഡംബര കാറുകള്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ച് സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുവഴി കേരളത്തിന് നികുതി നഷ്ടം ഉണ്ടായെന്നുമാണ് കേസ്. നികുതി വെട്ടിപ്പ് നടത്തി വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഈ കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജി തള്ളിക്കൊണ്ട് വിചാരണ നടപടികള്‍ നേരിടാനാണ് കോടതി ഉത്തരവിട്ടത്.

Content Highlight: Suresh Gopi’s plea against Puducherry vehicle registration case was rejected

Latest Stories

We use cookies to give you the best possible experience. Learn more