| Wednesday, 24th April 2019, 8:05 am

തിരുവനന്തപുരത്ത് പോകാന്‍ പ്ലാന്‍ എയും ബിയും സിയുമുണ്ടായിരുന്നു; പക്ഷേ എല്ലാം പാളി: വോട്ടു ചെയ്യാനാവാതെ സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂരില്‍ നിന്നും വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തി വോട്ടു ചെയ്യാമെന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പദ്ധതി പാളി. വോട്ടു ചെയ്യാനായി പ്ലാന്‍ എയും ബിയും സിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും ആവശ്യസമയത്ത് ഉപയോഗിക്കാനാവാതായതോടെ വോട്ടു ചെയ്യണമെന്ന മോഹം ഉപേക്ഷിക്കാന്‍ സുരേഷ് ഗോപി നിര്‍ബന്ധിതനായി.

ശാസ്തമംഗലം രാജാ കേശവദാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്. രാവിലെ തൃശൂരിലെ പോളിങ് വിലയിരുത്തിയശേഷം വൈകുന്നേരത്തോടെ വ്യോമമാര്‍ഗം തിരുവനന്തപുരത്തെത്തി വോട്ടു ചെയ്യാമെന്നായിരുന്നു പദ്ധതി. എന്നാല്‍ വൈകുന്നേരത്തിനു മുമ്പ് തിരുവനന്തപുരത്തെത്തുന്ന വിധം കൊച്ചിയില്‍ നിന്നും വിമാനസര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഹെലികോപ്ടറില്‍ പോകാമെന്ന് തീരുമാനിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ബി.ജെ.പി ഉപയോഗിച്ച ഹെലികോപ്ടറില്‍ പോകാമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഈ ഹെലികോപ്ടര്‍ വോട്ടിങ് ദിവസം ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. അതോടെ മറ്റുവഴികള്‍ തേടി.

കല്ല്യാണ്‍ ഗ്രൂപ്പിന്റെ ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്നായിരുന്നു അവസാനം തീരുമാനിച്ചത്. എന്നാല്‍ കോപ്ടര്‍ എത്തിയപ്പോഴും വൈകുന്നേരം അഞ്ചു മണി കഴിഞ്ഞു. അവിടെ നിന്നും തിരുവനന്തപുരത്തെത്തുമ്പോഴേക്കും പോളിങ് സമയം കഴിയുമെന്നതിനാല്‍ വോട്ടു ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അതിനിടെ, പോളിങ് ദിവസം സുരേഷ് ഗോപി ബൂത്തുകളില്‍ കയറി പലരോടും കൈകൂപ്പി വോട്ട് അഭ്യര്‍ഥന നടത്തിയതായി ആരോപണമുണ്ട്. പോളിങ് സമയത്ത് ബൂത്തുകളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് തെരഞ്ഞെടുപ്പു ചട്ടലംഘനമാണ്.

Latest Stories

We use cookies to give you the best possible experience. Learn more