Kerala News
കേന്ദ്രമന്ത്രിയാകാന്‍ യോഗ്യതയുള്ളവര്‍ ധാരാളമുണ്ട്; സുരേഷ് ഗോപിയുടെ കാര്യം അറിഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jun 30, 07:09 am
Friday, 30th June 2023, 12:39 pm

കോഴിക്കോട്: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണ കുമാര്‍. മന്ത്രിയാകാന്‍ സുരേഷ് ഗോപി യോഗ്യനാണെന്നും എന്നാല്‍ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും റിപ്പോര്‍ട്ടര്‍ ടി.വിയോട് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ കേന്ദ്രമന്ത്രിയാകാന്‍ യോഗ്യതയുള്ള ധാരാളം ആളുകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ബി.ജെ.പിക്ക് സീറ്റ് ഇല്ലെങ്കിലും സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയില്‍ നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായി സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബുധനാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കുന്നത് കേരളത്തില്‍ സീറ്റുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍ എന്നാണ് വിവരം.

2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലും 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ നിന്നും സുരേഷ് ഗോപി മത്സരിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഇപ്രാവശ്യം മത്സരിക്കുന്നുണ്ടെങ്കില്‍ തൃശൂര്‍ തന്നെ തട്ടകമായി തെരഞ്ഞെടുക്കാനാണ് സാധ്യത.

Content Highlight:  Suresh gopi’s  inclusion in the cabinet is not known: bjp