Film News
'എന്തിന് മത്സരിക്കണം? തോല്‍ക്കാനോ? എന്റെ വോട്ട് പോലും എനിക്ക് കിട്ടില്ല' വൈറലായി സുരേഷ്‌ഗോപി ചിത്രത്തിലെ ഡയലോഗ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 16, 07:27 am
Tuesday, 16th April 2024, 12:57 pm

നടനും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയുടെ പല പ്രസ്താവനകളും ട്രോളിന് ഇരയാവുന്നുണ്ട്. അതിലേക്കുള്ള പുതിയ എന്‍ട്രിയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമ ഡയലോഗ്.

സുരേഷ് ഗോപി അഭിനയിച്ച് 2022ല്‍ പുറത്തിറങ്ങിയ സിനിമയിലെ ഡയലോഗാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഉപയോഗിക്കുന്നത്. സിനിമയിലെ ഒരു കഥാപാത്രം സുരേഷ് ഗോപിയോട് ‘നിങ്ങള്‍ക്ക് ഇലക്ഷന് നിന്നൂടെ’ എന്ന് ചോദിക്കുന്നുണ്ട്. എന്തിനാണെന്ന് സുരേഷ് ഗോപിയുടെ മൂസ എന്ന കഥാപാത്രം ചോദിക്കുമ്പോള്‍ ‘ചുമ്മാ ശിവകാശി പടക്കം പൊട്ടുന്നതുപോലെ പൊട്ടുന്നത് കാണാമല്ലോ’ എന്നാണ് മറുപടി.

‘അതിപ്പോള്‍ നീ പറഞ്ഞിട്ടു വേണമല്ലോ എനിക്ക് അറിയാന്‍. എന്റെ വോട്ട് പോലും എനിക്ക് കിട്ടില്ല’ എന്ന് സുരേഷ് ഗോപി പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയും അതിലെ ഡയലോഗും എന്നാണ് പലരും പറയുന്നത്. ഇത്ര കൃത്യമായി ആരും സ്വന്തം അവസ്ഥ പറയില്ലെന്നും പല പോസ്റ്റിലും പറയുന്നുണ്ട്.

നേരത്തെ ഓശാന ഞായറിന് പള്ളിയിലിരുന്ന് കുരുത്തോല മെടയുന്നതും, നോമ്പ് കാലത്ത് പള്ളിയില്‍ പോയി നോമ്പു തുറന്നതും ട്രോളിന് വകയായിരുന്നു. ഇതിനോടനുബന്ധിച്ച് വിഷുവിന് കൃഷ്ണവേഷം കെട്ടിയാകും പ്രചരണത്തിന് വരികയെന്നും ട്രോളുകളുണ്ടായിരുന്നു.

Content Highlight: Suresh Gopi’s dialogue in Mein hoon Moosa going viral