| Friday, 20th October 2023, 9:45 am

കന്നഡയും തെലുങ്കും ഇപ്പോഴും രൂക്ഷമായ സ്വപ്നം മാത്രം : സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് സുരേഷ് ഗോപി. ഇടക്കൊന്ന് കരിയറില്‍ ഇടവേള എടുത്തെങ്കിലും വീണ്ടും മലയാള സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡന്‍’ ആണ് താരത്തിന്റെതായി ഏറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള ചിത്രം.

അഭിനയ ജീവിതത്തിനിടയില്‍ തമിഴില്‍ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മറ്റു നടന്മാരെ പോലെ അന്യഭാഷകളില്‍ അത്ര സജീവമല്ല സുരേഷ് ഗോപി. മറ്റു ഭാഷകളില്‍ നിന്നുള്ള മാറി നില്‍പ്പിന്റെ കാരണമെന്തെന്ന് പറയുകയാണ് സുരേഷ് ഗോപി.

‘കന്നഡയും തെലുങ്കുമെല്ലാം ഇപ്പോഴും എനിക്ക് വളരെ രൂക്ഷമായ ഒരു സ്വപ്നമായിട്ടാണ് ഞാന്‍ കരുതുന്നത്,’ സുരേഷ് ഗോപി പറയുന്നു.
ഗരുഡന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരോടൊപ്പം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘ഞാന്‍ കുറച്ചെങ്കിലും ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത് തമിഴിലാണ്. മലയാളം സംസാരിക്കുന്നതിനേക്കാള്‍ നന്നായിട്ട് തമിഴ് എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നതുകൊണ്ടാണത്. അതെന്റെ കംഫര്‍ട്ട്‌സോണ്‍ ആയിരുന്നു. തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നും ഒരുപാട് സിനിമകള്‍ എന്നെ തേടി വന്നിരുന്നു. പക്ഷേ ഞാന്‍ വിചാരിച്ചത് പൈസ കുറച്ചു കുറവാണെങ്കിലും ഞാനെന്റെ ഭാഷയില്‍ നിന്നുകൊണ്ട് എന്റെ കംഫര്‍ട്ട്‌സോണില്‍ നിന്നുകൊണ്ട് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നതാവും നല്ലതെന്നാണ്.

തെലുങ്കും കന്നഡയുമെല്ലാം എന്നെ സംബന്ധിച്ച് ഇപ്പോഴും ഒരു തടസ്സം തന്നെയാണ്. ഹിന്ദിയാണെങ്കിലും ഇംഗ്ലീഷ് ആണെങ്കിലും എനിക്ക് പ്രയാസമില്ല. പക്ഷെ കന്നഡയും തെലുങ്കുമെല്ലാം ഇപ്പോഴും എനിക്ക് വളരെ രൂക്ഷമായ ഒരു സ്വപ്നമായിട്ടാണ് ഞാന്‍ കരുതുന്നത്.

ഭാഷ എന്ന നിലയില്‍ അത് രണ്ടും എനിക്ക് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. ഒരുപക്ഷേ ഞാന്‍ എന്റെ സ്വന്തം ഭാഷയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയത് കൊണ്ടാകാം പല അവസരങ്ങളും ഞാന്‍ ഉപയോഗിക്കാഞ്ഞത്. എന്തുകൊണ്ട് മറ്റു ഭാഷകളിലെ അവസരം നഷ്ടപ്പെട്ടു എന്ന ചോദ്യത്തിന് അതിന്റെ കാരണം പറഞ്ഞ് അതൊരു തള്ളാക്കി മാറ്റാന്‍ എനിക്ക് താല്പര്യമില്ല.

ദൈവമേല്‍പ്പിച്ച ഒരു ഉദ്യമത്തില്‍ നിന്ന്, എന്റെ രക്തമാണെന്ന് വിശേഷിപ്പിക്കാവുന്ന തൊഴിലില്‍ നിന്ന് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ട് എനിക്ക് വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്കൊരുപാട് നല്ല സമയം സിനിമയില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

അതുകൊണ്ട് ഇനി അക്കാരണവും പറഞ്ഞ് സിനിമ നഷ്ടപ്പെടുത്താന്‍ ഞാന്‍ ഒരുക്കമല്ല. നല്ല സിനിമകള്‍ മാത്രം തെരഞ്ഞെടുക്കുക എന്നല്ല മറിച്ച് ചെയ്യുന്ന സിനിമകള്‍ നല്ല സിനിമകളാക്കി മാറ്റാനാണ് ഞാന്‍ ശ്രമിക്കുക,’ സുരേഷ് ഗോപി പറയുന്നു.

Content Highlight: Suresh Gopi Reveals the Reason Why he Doesn’t Act much in Other Language Films

We use cookies to give you the best possible experience. Learn more