| Sunday, 7th April 2019, 9:52 am

'ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്'; പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതില്‍ വിശദീകരണവുമായി നടനും തൃശ്ശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഭക്തന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.

പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. “ഇഷ്ടദേവന്റെ പേരുപറയാന്‍ പാടില്ലെന്നതു ഗതികേട്. ഇത് എന്തൊരു ജനാധിപത്യമാണ്? അയ്യന്റെ അര്‍ഥം എന്താണെന്നു പരിശോധിക്കൂ.”- അദ്ദേഹം പറഞ്ഞു.

Also Read: കമല്‍ നാഥിന്റെ വിശ്വസ്തരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ഒമ്പതു കോടി കണ്ടെത്തി

ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്നും കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി മറുപടി കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാണിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നു കാണിച്ചായിരുന്നു അത്.

തൃശ്ശൂരിലെ എന്‍.ഡി.എ മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നായിരുന്നു പ്രസ്താവന. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണു താന്‍ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Also Read: ബി.ജെ.പിയുടെ തീം സോങ്ങിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്; വിലക്കിയതു കേന്ദ്രമന്ത്രി ചിട്ടപ്പെടുത്തിയ ഗാനം

സുരേഷ് ഗോപിയെ പിന്തുണച്ച് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണനും ഇതിനിടെ രംഗത്തുവന്നു. കളക്ടറുടെ നടപടി വിവരക്കേടാണെന്നും കളക്ടര്‍ക്ക് എടുക്കാന്‍ പറ്റുന്ന എല്ലാ നടപടിയും എടുക്കട്ടെയെന്നും എല്ലാം തങ്ങള്‍ നോക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയുടെ പേരുപറഞ്ഞ് വോട്ട് പിടിക്കാനാകില്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more