കോഴിക്കോട്: മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ കയറി പിടിച്ച് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി.
വേണമെങ്കിൽ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സിപി.ഐ.എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്ന് മാധ്യമപ്രവർത്തക തിരിച്ചു ചോദിച്ചു.
ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ചുനോക്കട്ടെ എന്ന് പറഞ്ഞ് സുരേഷ് ഗോപി വനിതാ റിപ്പോർട്ടറുടെ തോളിൽ കയറിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് റിപ്പോർട്ടർ മാറി നിൽക്കുകയായിരുന്നു. എന്നിട്ടും സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ നിന്ന് കയ്യെടുത്തില്ല.
വീണ്ടും റിപ്പോർട്ടറുടെ തോളിൽ കൈവെച്ചപ്പോൾ അവർ തട്ടിമാറ്റുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം.
സുരേഷ് ഗോപിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്നും സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.
Content Highlight: Suresh Gopi puts his hand on Media One reporter