| Thursday, 19th April 2018, 11:27 am

കൊമ്പുള്ള പൊലീസുകാരുടെ കൊമ്പൊടിക്കണം; വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. കുറ്റവാളികള്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

“പൊലീസ് അതിക്രമ കേസുകളെല്ലാം ശരിയായി അന്വേഷിക്കണം. കൊമ്പുള്ളവര്‍ പൊലീസില്‍ ഉണ്ടെങ്കില്‍ അത്തരക്കാരുടെ കൊമ്പ് ഒടിക്കണം”.

ശ്രീജിത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും തന്നില്‍ നിന്നും ഉണ്ടാകുമെന്നും ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.


Also Read:  ജഡ്ജി ലോയയുടെ മരണത്തില്‍ അന്വേഷണമില്ല; സ്വാഭാവിക മരണമെന്ന് സുപ്രീം കോടതി: രാഷ്ട്രീയ വൈരാഗ്യം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും കോടതി


ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഏപ്രില്‍ ഒമ്പതിനാണ് മരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനേറ്റ് ചെറുകുടല്‍ തകര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പാണെന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തു. അതേസമയം ശ്രീജിത്തിന്റെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കമ്മിഷന്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.


Also Read:  സിനിമ അണിയറപ്രവര്‍ത്തകന്റെ ഭീഷണി;റിവ്യുകള്‍ നിര്‍ത്തുകയാണെന്ന് സുധീഷ് പയ്യന്നൂര്‍


ദേവസ്വം പാടത്ത് വീട്ടില്‍ കയറി അക്രമം നടത്തിയ കേസിലെ പ്രതിയെന്നാരോപിച്ചാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more