തിരുവനന്തപുരം: സിനിമാ നടന്‍ അല്ല ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടതെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോ കേന്ദ്രമന്ത്രി വി. മുരളീധരനോ വിചാരിച്ചാലും താന്‍ ആ സ്ഥാനത്തേക്ക് ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമാ നടന്‍ അല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ കാല്‍വച്ചു വളര്‍ന്നവരാണ് ആ സ്ഥാനത്തേക്കു വരേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ താന്‍ അധ്യക്ഷനാവണമെന്നു പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയെ സംസ്ഥാനത്തിന്റെ ബി.ജെ.പി അധ്യക്ഷനാക്കാന്‍ കേന്ദ്രനേതൃത്വം നീക്കം നടത്തുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
എന്നാല്‍ സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും താന്‍ അധ്യക്ഷപദം ഏറ്റെടുത്തകാലം മുതല്‍ മാധ്യമങ്ങള്‍ തന്നെ മാറ്റാന്‍ തുടങ്ങിയതാണെന്നുമായിരുന്നു ഇന്നലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ.സുരേന്ദ്രന്‍ നല്‍കിയ മറുപടി.
ടി.ജെ ജോസഫുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സുരേന്ദ്രന്‍ പ്രതികരിച്ചത്.