സർക്കാരിന്റെ ശമ്പളം പറ്റുന്നവർ വളരെ സ്‌ട്രോങ് ഫോഴ്സ് ആയി നിൽക്കണമെന്ന് സുരേഷ് ഗോപി. ഡോ. വന്ദന ദാസിന്റെ മരണത്തെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു സേനയുടെ ഭാഗമായ ആളുകളെക്കുറിച്ച് ഞാൻ വേർതിരിച്ച് പറയുന്നില്ല, ജനങ്ങളുടെ പണത്തിൽനിന്നെടുത്ത ശമ്പളം പറ്റുന്ന വിഭാഗങ്ങൾ, സർക്കാർ ശമ്പളം പറ്റുന്നവർ ഒരു സ്‌ട്രോങ് ഫോഴ്‌സായി മാറണം. അങ്ങനായേപറ്റൂ,’ അദ്ദേഹം പറഞ്ഞു.
താലൂക്ക് ആശുപത്രിയിൽവെച്ച് കുത്തേറ്റ ഡോ. വന്ദന ദാസിന്റെ വീട് അദ്ദേഹം സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയോട് താൻ ചില കാര്യങ്ങൾ പറയണമെന്ന് വന്ദനയുടെ രക്ഷിതാക്കൾ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘മുഖ്യമന്ത്രിയെ ഞാൻ ഒന്ന് നേരിട്ട് കണ്ട് ചില കാര്യങ്ങൾ ധരിപ്പിക്കണമെന്ന് വന്ദനയുടെ രക്ഷിതാക്കൾ പറഞ്ഞു. അദ്ദേഹത്തോട് അവർ സംസാരിച്ചിട്ടുണ്ടെങ്കിലും ഞാൻ സംസാരിക്കണമെന്ന് എന്നവർ ആവശ്യപ്പെട്ടു.
വന്ദനയുടെ മരണം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. കുഞ്ഞ് നഷ്ട്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാനാകില്ല,’ സുരേഷ് ഗോപി പറഞ്ഞു.
വന്ദനയുടെ കൊലപാതക കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ പരിഗണിക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. പ്രതി സന്ദീപ് 10 വര്ഷം ജയിലിൽ കിടന്ന് തിന്നുകൊഴുത്തിട്ടാകരുത് വിധി വരുന്നതെന്നും അവർ ആവശ്യപ്പെട്ടിരുന്നു. പ്രതി ഒരിക്കലും ബോധമില്ലാതെയല്ല ഇങ്ങനൊരു കൃത്യം നടത്തിയതെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Suresh Gopi on Dr. Vandana Das