| Sunday, 19th February 2023, 2:05 pm

അവിശ്വാസികളുടെ സര്‍വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുമ്പില്‍ നിന്നും പ്രാര്‍ത്ഥിക്കും, ഞാന്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായിക്കാണും: സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവിശ്വാസികളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ പോയിരുന്ന് താന്‍ പ്രാര്‍ത്ഥിക്കുമെന്നും നടന്‍ സുരേഷ് ഗോപി. ഭക്തിയേയും ഭക്തി സ്ഥാപനങ്ങളേയും നിന്ദിക്കുന്ന ഒരാളെ പോലും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ ശിവരാത്രി അഘോഷത്തിനിടയില്‍ സംസാരിക്കവെയാണ് താരത്തിന്റെ പരാമര്‍ശം.

കുട്ടികള്‍ക്കിടയില്‍ സ്‌നേഹം വളര്‍ത്തിയെടുക്കാനും അച്ചടക്കം വളര്‍ത്താനുമൊക്കെ വിശ്വാസം നല്ലൊരു ആയുധമാണെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ മതത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റ് വിശ്വാസങ്ങളെയും താന്‍ അംഗീകരിക്കുന്നുവെന്നും ഖുര്‍ആനേയും ബൈബിളിനേയും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘അടിസ്ഥാനപരമായ ആവശ്യം കുട്ടികളില്‍ സ്‌നേഹം വളര്‍ത്തിയെടുക്കുക എന്നതാണ്. ഇതനിനുവേണ്ടി മതം നല്ലൊരു ആയുധമാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയാണ് ഞാന്‍ മതത്തെ കണ്ടിട്ടുള്ളത്.

എന്റെ മതത്തെ ഞാന്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും സ്‌നേഹിക്കാന്‍ സാധിക്കണം. ഖുര്‍ആനേയും ബൈബിളിനേയും മാനിക്കാന്‍ കഴിയണം. സ്‌നേഹവും അങ്ങനെ തന്നെയാണ്, എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച്, ലോകത്തുള്ള വിശ്വാസികളായ എല്ലാ മനുഷ്യരെയും സ്‌നേഹിക്കും.

എന്ന് പറയുമ്പോഴും അവിശ്വാസികളോട് ഒട്ടും തന്നെ സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും.
വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചിരിക്കും.

അത് എല്ലാവരും ചെയ്യണം. ആരെയും ദ്രോഹിക്കാന്‍ വേണ്ടിയുള്ളതല്ല നമ്മുടെ ഭക്തിയെന്ന് പറയുന്നത്. പക്ഷെ നമ്മുടെ ഭക്തിയേയും ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗങ്ങളെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിക്കാന്‍ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ.

ഞാന്‍ ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവര്‍ക്കും മനസിലാകുന്നുണ്ടാകും. രാഷ്ട്രീയം സ്പുരിക്കും. അതുകൊണ്ടാണ് ഞാന്‍ പറയാത്തത്. പക്ഷേ വിശ്വാസി സമൂഹത്തിന്റെ അതിര്‍ത്തി പ്രദേശത്ത് പോലും ആരും കടന്ന് വന്ന് ഞങ്ങളെ ദ്രോഹിക്കരുത്.

ഞങ്ങള്‍ ലോകത്തിന്റെ നന്മക്ക് വേണ്ടിയുളള പ്രാര്‍ത്ഥനയിലാണ്. അതിനെ ധ്വംസിക്കാതെ അവിശ്വാസികള്‍ക്ക് അവരുടെ വഴിയെ ചുറ്റി കറങ്ങി പോകാം. ഇങ്ങോട്ടേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കരുത് എന്ന് ഉച്ചത്തില്‍ വിളിച്ച് പറയേണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്’, സുരേഷ് ഗോപി പറഞ്ഞു.

content highlight: suresh gopi new comment about religion

We use cookies to give you the best possible experience. Learn more