തൃശൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി സുരേഷ് ഗോപി എം.പി രംഗത്ത്. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. അതി ശക്തമായ പിന്തുണയാണ് ഗവര്‍ണര്‍ക്ക് നല്‍കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘രാജ്ഭവന്‍ എന്നത് ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍, അത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ആരുമായിട്ടാണ് എന്തിനു വേണ്ടിയിട്ടാണ് ഉണ്ടാകുന്നത്. പലതിലും തര്‍ക്കങ്ങള്‍ ഉണ്ടാകും.
രാഷ്ട്രീയപരമായി അല്ലാതെ ഒരു നേര്‍ കണ്ണോടു കൂടി കാണാന്‍ കഴിയണം.ഞാന്‍ ഗവര്‍ണറെ പിന്തുണയ്ക്കുന്നു. അതും ശക്തമായി തന്നെ,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും സുരേഷ് ഗോപി പ്രതികരിച്ചു.’കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല,’ എന്നായിരുന്നു വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.
ദൈവം നല്‍കിയ ജീവന്‍ എടുക്കാന്‍ നമുക്ക് അധികാരമില്ല. ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ എന്നില്ല. ദളിതന്‍ എന്നില്ല. ജാതി തിരിച്ചും കാണുന്നില്ല എന്നായിരുന്നു ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു മരിച്ച സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.
ഒരു മനുഷ്യന്റെ ജീവന്‍ എടുക്കാന്‍ നമുക്ക് അധികാരമില്ല. ഇതൊക്കെ എത്രകാലം ഇങ്ങനെ പറയേണ്ടിവരുമെന്നും സുരേഷ് ഗോപി ചോദിച്ചു.
അതേസമയം, ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം ശിപാര്‍ശ ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധം സംബന്ധിച്ച പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറുപടിയിലാണ് കേരള സര്‍ക്കാര്‍ വിഷയം ഉന്നയിച്ചിരിക്കുന്നത്.
ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടിയില്‍ വീഴ്ച എന്നിവയുണ്ടായാല്‍ ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നല്‍കണമെന്നാണ് ശിപാര്‍ശ. ഗവര്‍ണറെ പുറത്താക്കുന്നത് സംബന്ധിച്ച് നിലവില്‍ നടപടികളില്‍ വ്യക്തതയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നിരന്തരം അസ്വാരസ്യം ഉടലെടുത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു.
CONTENT HIGHLIGHTS: Suresh Gopi MP with the support of Kerala Governor Arif Mohammad Khan and also reacted to the case of attacking the actress