തൃശൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി സുരേഷ് ഗോപി എം.പി രംഗത്ത്. ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. അതി ശക്തമായ പിന്തുണയാണ് ഗവര്‍ണര്‍ക്ക് നല്‍കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
‘രാജ്ഭവന്‍ എന്നത് ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍, അത്തരത്തിലുള്ള തര്‍ക്കങ്ങള്‍ ആരുമായിട്ടാണ് എന്തിനു വേണ്ടിയിട്ടാണ് ഉണ്ടാകുന്നത്. പലതിലും തര്‍ക്കങ്ങള്‍ ഉണ്ടാകും.
രാഷ്ട്രീയപരമായി അല്ലാതെ ഒരു നേര്‍ കണ്ണോടു കൂടി കാണാന്‍ കഴിയണം.ഞാന്‍ ഗവര്‍ണറെ പിന്തുണയ്ക്കുന്നു. അതും ശക്തമായി തന്നെ,’ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും സുരേഷ് ഗോപി പ്രതികരിച്ചു.’കോടതി പറയണം. കോടതിയാണ് പറയേണ്ടത്. കോടതിക്ക് വലുതായൊന്നും തെറ്റില്ല,’ എന്നായിരുന്നു വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.
ദൈവം നല്‍കിയ ജീവന്‍ എടുക്കാന്‍ നമുക്ക് അധികാരമില്ല. ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ എന്നില്ല. ദളിതന്‍ എന്നില്ല. ജാതി തിരിച്ചും കാണുന്നില്ല എന്നായിരുന്നു ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു മരിച്ച സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം.
ഒരു മനുഷ്യന്റെ ജീവന്‍ എടുക്കാന്‍ നമുക്ക് അധികാരമില്ല. ഇതൊക്കെ എത്രകാലം ഇങ്ങനെ പറയേണ്ടിവരുമെന്നും സുരേഷ് ഗോപി ചോദിച്ചു.