| Saturday, 18th September 2021, 10:31 am

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പെടുത്തിയ ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപിയെത്തി; അപൂര്‍വ കൂടിക്കാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഭിക്ഷാടനമാഫിയയില്‍ നിന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ മോചിപ്പിച്ച പെണ്‍കുട്ടിയെ കാണാന്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെത്തി.

20 വര്‍ഷം മുന്‍പായിരുന്നു സംഭവം. ആലുവയില്‍ ഭിക്ഷാടന സംഘത്തിലുണ്ടായിരുന്ന യുവതി പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീട് കുട്ടിയെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഭിക്ഷാടനത്തിനായി ഉപയോഗിച്ചു.

ശരീരമാസകലം പൊള്ളലുകളോടെ കുട്ടിയെ കണ്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ കുട്ടിയെ രക്ഷപ്പെടുത്തി ശിശുഭവനില്‍ എത്തിച്ചു. ശിശുഭവനില്‍ നിന്ന് കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭിക്ഷാടന സംഘം പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെ വിഷയത്തില്‍ പൊലീസ് ഇടപെട്ടു.

അന്ന് വിഷയത്തില്‍ സുരേഷ് ഗോപിയും ഇടപെട്ടിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണം ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിശുഭവനെ ഏല്‍പ്പിക്കുകയായിരുന്നു.

അന്ന് ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തിയ ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി എത്തുകയും ശ്രീദേവിക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

20 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നവള്‍ ഭാര്യയും നാല് വയസുകാരിയുടെ അമ്മയുമാണ്. അന്ന് താന്‍ രക്ഷപ്പെടുത്തിയ കുട്ടി കാവശ്ശേരിയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ തൃപ്പുണിത്തുറയില്‍ നിന്ന് വാങ്ങിയ മധുരവുമായി സുരേഷ് ഗോപി ഇന്നലെ ശ്രീദേവിക്കരികില്‍ എത്തുകയായിരുന്നു.

വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് സുരേഷ് ഗോപി പാലക്കാടെത്തിയത്. ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷാണ് ശ്രീദേവിയുടെ ഭര്‍ത്താവ്. ശിവാനി മകളാണ്. ഫാന്‍സി സ്റ്റോറിന് പിറകിലെ കുടുസുമുറിയിലാണ് കുടുംബം കഴിയുന്നത്.

തന്റെ ജീവിത പ്രയാസങ്ങളെ കുറിച്ച് ശ്രീദേവി സുരേഷ് ഗോപിയോട് വിവരിച്ചു. ശ്രീദേവിയുടേയും കുടുംബത്തിന്റേയും മുന്നോട്ടുള്ള ജീവിതത്തിന് സഹായം വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suresh Gopi Mp Visit Sreedevi In Palakkad

We use cookies to give you the best possible experience. Learn more