| Tuesday, 21st November 2017, 8:34 pm

കയ്യൂക്ക് കാണിക്കാനുള്ള ഇടത് പക്ഷത്തിന്റെ നീക്കം ജനങ്ങള്‍ തടയും; മേയര്‍ പ്രശാന്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.പി, എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് തെരുവ് വിളക്കുകള്‍ സ്ഥാപിക്കരുതെന്ന് പറയാന്‍ ഒരു കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കും അവകാശമില്ലെന്ന് എം.പി സരേഷ് ഗോപി. ഇന്ത്യ മുഴുവന്‍ നടക്കുന്ന ഈ പ്രവര്‍ത്തനം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം വിലക്കുന്നത് കുത്സിത നീക്കമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഹൈമാസ് വിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി കൗണ്‍സിലര്‍മാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ തിരുവനന്തപുരത്തെ ഇടതു ഭരണസമിതിക്കെതിരെ സുരേഷ് ഗോപി രംഗത്തെത്തിയത്.


Also Read: അതോടുകൂടിയാണ് സിനിമ വേണ്ടെന്നു വെച്ചത്; സിനിമാരംഗത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് മനസ് തുറന്ന് സുരേഷ് ഗോപി


“ഭരണപരമായ തര്‍ക്കങ്ങളെ കൗണ്‍സില്‍ ഹാളില്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ടതിന് പകരം തെരുവിലേക്ക് വലിച്ചിഴച്ച് വഷളാക്കുകയാണ് ചെയ്തത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സംയമനം കാണിക്കാത്തതിന്റെ ഫലമാണിത്. എം.പി, എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹൈമാസ് ലൈറ്റുകളുടെ കറന്റ് ചാര്‍ജ് അടയ്ക്കാനാവില്ലെന്ന മേയര്‍ വി .കെ പ്രശാന്തിന്റെ നിലപാട് അംഗീകരിക്കാനാവില്ല.” അദ്ദേഹം പറഞ്ഞു.

അതേ സമയം കോര്‍പ്പറേഷന്‍ സ്വന്തമായി ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണെന്നും ഇത് ഗൂഡ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. എണ്ണത്തിന്റെ കാര്യത്തിലെ ഭൂരിപക്ഷം ഉപയോഗിച്ച് കയ്യൂക്ക് കാണിക്കാനുള്ള ഇടത് പക്ഷത്തിന്റെ നീക്കം ജനങ്ങള്‍ തടയും. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കാനുള്ള നീക്കം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more