എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ കാണിക്ക്: സുരേഷ് ഗോപി
Kerala
എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ കാണിക്ക്: സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th September 2021, 11:29 am

കോട്ടയം: സല്യൂട്ട് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി സുരേഷ് ഗോപി എം.പി. സല്യൂട്ട് അടിക്കാന്‍ പറഞ്ഞത് വിവാദം ആക്കിയത് മാധ്യമപ്രവര്‍ത്തകരാണെന്ന രീതിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സല്യൂട്ട് വിവാദം ആക്കിയത് ആരാണെന്നും ആ പൊലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. എം.പിക്ക് സല്യൂട്ട് പാടില്ലെന്ന് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.

സല്യൂട്ടുമായി ബന്ധപ്പെട്ട് പൊലീസ് അസോസിയേഷന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് അസോസിയേഷനോ ആരുടെ അസോസിയേഷന്‍, അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ പാര്‍ലമെന്റിലേക്ക് വന്ന് എന്റെ ചെയര്‍മാന് പരാതി കൊടുക്കട്ടെ. നമുക്ക് നോക്കാമെന്നായിരുന്നു സുരേഷ് ഗോപി തുടര്‍ന്ന് പറഞ്ഞത്.

അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ ഒക്കില്ല. അതൊക്കെ അവരുടെ വെല്‍ഫെയറിന് മാത്രം. അത്രയേ ഉള്ളൂ. അതുവെച്ച് രാഷ്ട്രീയം ഒന്നും കളിക്കരുത്. നമുക്ക് കാണാം , സുരേഷ് ഗോപി പറഞ്ഞു.

എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഔദ്യോഗികമായി സല്യൂട്ട് ചെയ്യേണ്ടതില്ലെന്ന ഒരു സര്‍ക്കുലര്‍ ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് എന്ന് ആരുപറഞ്ഞു എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം.

പൊലീസ് തന്നെ ഒരു ലിസ്റ്റിറക്കിയിരുന്നെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പൊലീസ് കേരളത്തിലാണെന്നും ഇന്ത്യയില്‍ ഒരു സംവിധാനം ഉണ്ടെന്നും അത് അനുസരിച്ചേ പറ്റൂവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ആര്‍ക്ക് സല്യൂട്ട് വേണമെന്ന് ഡി.ജി.പിയല്ലേ പറയേണ്ടത്. അദ്ദേഹം അത് പറയട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണം. ആരേയും സല്യൂട്ട് ചെയ്യേണ്ട എന്നാണ്. പക്ഷേ അതിനകത്ത് രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കില്ല. അത് ആരായാലും. ഏത് അസോസിയേഷനായാലും, സുരേഷ് ഗോപി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Suresh gopi MP On Salute Controversy