മുഖ്യമന്ത്രിയും കൂട്ടരും ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ; ശോഭാ സുരേന്ദ്രന്റെ സമരപന്തലില്‍ സുരേഷ് ഗോപി
Sabarimala women entry
മുഖ്യമന്ത്രിയും കൂട്ടരും ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ; ശോഭാ സുരേന്ദ്രന്റെ സമരപന്തലില്‍ സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2018, 1:13 pm

തിരുവനന്തപുരം: അയ്യപ്പ ഭക്തര്‍ക്ക് സമാധാനം തിരിച്ച് നല്‍കി ഈ വൃത്തികെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണമെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. ദൈവികമായ സമരങ്ങള താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

“നാമജപം എന്താണെന്നും അയ്യപ്പ ദര്‍ശനം എന്താണെന്നും ആചാര്യന്മാരോട് ചോദിക്കുന്നത് നന്നായിരിക്കും. അവരുടെ മന്ത്രിമാര്‍ പറയുന്നത് പോലെ അല്ല. ദൈവികമായ സമരങ്ങള താലിബാനുമായി കൂട്ടി ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്ക്. അവരെ വിളിക്കാനുളള പുലഭ്യവാക്ക് ഇന്ന് ഭൂമിമലയാളത്തില്‍ ഇല്ല. അങ്ങനെ ഒരു പുലഭ്യവാക്ക് ഉണ്ടാവട്ടെ. ചുടല വരെയാണ് എന്ന് നിശ്ചയിച്ചെങ്കില്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ” ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമര പന്തലില്‍ എത്തിയ  ഗോപി സുരേഷ് ഗോപി പറഞ്ഞു.

Read Also : നാമജപത്തിന് സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവിലിറക്കുന്നു: ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി ബി.ജെ.പി വിട്ടു

പല മതിലുകള്‍ കെട്ടിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഭരിച്ച് കൊണ്ടിരിക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യം. ഗാന്ധി പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് അതിന്റെ ആദ്യത്തെ സൂചനയുള്ളത്. വിഷവിത്ത് പാകിയ പ്രസംഗമാണതെന്നും സുരേഷ് ഗോപി ആരോപിച്ചു.

ലോകത്താകമാനം പടര്‍ന്ന് കിടക്കുന്ന അയ്യപ്പ ഭക്തന്മാരുടെ വേദനയാണ് ഈ സമരമെന്നും മനക്കരുത്ത് ഉളളത് കൊണ്ടാണ് ഇത്ര ദിവസങ്ങളായി സമരം തുടരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സമരത്തിന്റെ പൊരുള്‍ വിശ്വാസ സംരക്ഷണമാണ്. ഇതില്‍ വിവിധ ജാതി-മത വിഭാഗത്തില്‍പ്പെട്ടവര്‍ ഒത്തുകൂടുന്ന സമരമാണ്. ഇത് ഭഗവാന്‍ അയ്യപ്പന്റെ രാഷ്ട്രീയമാണ്. കാക്കിയുടെ ബലത്തില്‍ നടത്തുന്ന കിരാതം നടുവൊടിഞ്ഞ് വീഴുന്ന കാഴ്ചയാണ് ഭഗവാന്‍ നല്‍കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.