| Thursday, 16th September 2021, 10:32 am

നിങ്ങള്‍ അങ്ങനെ തന്നെ ചോദിക്കും; നാര്‍കോട്ടിക് ജിഹാദ് വൃത്തികെട്ട വാക്കെന്ന സുരേഷ് ഗോപിയുടെ മറുപടിയില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് കയര്‍ത്ത് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി എം.പി. നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഷപ്പ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയത്.

ബിഷപ്പുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതല്ലെന്നും ഒരുപാട് കാര്യങ്ങള്‍ തമ്മില്‍ സംസാരിച്ചെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

ബിഷപ്പ് വര്‍ഗീയ പരാമര്‍ശം ഒന്നും നടത്തിയിട്ടില്ലെന്നും ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ടെററിസമാണ് എന്ന് പറയുമ്പോഴേക്ക് ഉടനെ അത് ഞങ്ങളെയാണ് എന്ന് പറഞ്ഞ് ഒരു വിഭാഗം അങ്ങ് ഏറ്റെടുത്താല്‍ പിന്നെ എന്താണ് ചെയ്യുകയെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. ഒരു മതത്തിനേയും അദ്ദേഹം റഫര്‍ ചെയ്തിട്ടില്ലെന്നും ചില ആക്ടിവിറ്റീസിനെ റഫര്‍ ചെയ്തിട്ടുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഞാന്‍ ഇവിടെ വന്നു. ഭക്ഷണം കഴിച്ചു. ഞങ്ങള്‍ സൗഹൃദം പങ്കുവെച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. പക്ഷേ അത് നിങ്ങളെ അറിയിക്കേണ്ടതായ കാര്യങ്ങളൊന്നുമല്ല സംസാരിച്ചത്. പിന്നെ ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതുമല്ല, സുരേഷ് ഗോപി പറഞ്ഞു.

നാര്‍കോട്ടിക്ക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും തന്റെയടുത്ത് ഉപയോഗിക്കരുതെന്നും അതൊന്നും തന്റെ സ്‌കേപിലില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

നാര്‍കോട്ടിക് ജിഹാദ് എന്നത് വൃത്തികെട്ട വാക്കാണെന്ന നിലപാട് തന്നെയാണോ താങ്കള്‍ക്ക് എന്ന ചോദ്യത്തിന് ആരാണ് ഈ ചോദ്യം ചോദിച്ചത് എന്ന് ചോദിച്ചശേഷം മൈക്ക് നോക്കുകയായിരുന്നു സുരേഷ് ഗോപി. മീഡിയ വണ്‍ ചാനലിന്റെ മൈക്ക് കണ്ടപ്പോള്‍ നിങ്ങള്‍ അങ്ങനെ തന്നെ ചോദിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

”ദാറ്റ്‌സ് വെരി ബാഡ്. നിങ്ങള്‍ക്ക് പറയാനുള്ളത് എന്റെക്കൊണ്ട് പറയിപ്പിക്കണ്ട. പ്ലീസ് പ്ലീസ് ദാറ്റ്‌സ് ദി എന്‍ഡ് ഓഫ് ഇറ്റ്. ഐ ഹാവ് മൈ റൈറ്റ്. എനിക്ക് പറയാനുള്ളത് ഞാന്‍ പറയും. നിങ്ങള്‍ക്ക് വേണമെങ്കില്‍ ടെലികാസ്റ്റ് ചെയ്താല്‍ മതി, സുരേഷ് ഗോപി പറഞ്ഞു.

ഈ വിവാദം ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് താന്‍ ഇവിടെ രാഷ്ട്രീയക്കാരനായിട്ടല്ല വന്നത് എം.പിയായിട്ടാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suresh Gopi MP About Narcotic Jihad Controversy

We use cookies to give you the best possible experience. Learn more