|

പാപ്പന്‍ പാക്ക്അപ്പായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപി ചിത്രം പാപ്പന്റെ ചിത്രീകരണം പൂര്‍ത്തിയായി. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ചുണ്ടില്‍ ഒരു സിഗററ്റും കത്തിച്ചുവെച്ച് ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് മാസ്‌ലുക്കില്‍ എത്തുന്ന സുരേഷ് ഗോപിയാണ് മോഷന്‍ പോസ്റ്ററില്‍. തൊട്ടുപുറകിലായി ഗോകുല്‍ സുരേഷ് ഗോപിയെയും കാണാം.

സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘പാപ്പന്‍’. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലര്‍ ചിത്രമാണ് ‘പാപ്പന്‍’

സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കെയര്‍ ഓഫ് സൈറാ ബാനു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ആര്‍.ജെ. ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഫാര്‍ മീഡിയ കൂടി നിര്‍മ്മാണ പങ്കാളിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: suresh gopi movie pappan pack up